28-11-2026, शनिवार
ऑनलाइन संस्करण

കുവൈത്തിലെ ഖൈത്താനിൽ രണ്ട് ദിവസത്തെ വ്യാപക പരിശോധന; 1,340 നിയമനടപടികൾ സ്വീകരിച്ചു, നിരവധി പേർ അറസ്റ്റിൽ

കുവൈത്തിലെ ഖൈത്താനിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിൽ 1,340 നിയമനടപടികൾ സ്വീകരിച്ചു. 243 പേർ അറസ്റ്റിലാകുകയും നിയമലംഘനം കണ്ടെത്തിയ 219 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം പരിശോധന കർശനമാക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

N
Nikhil •
WhatsApp Facebook X
കുവൈത്തിലെ ഖൈത്താനിൽ രണ്ട് ദിവസത്തെ വ്യാപക പരിശോധന; 1,340 നിയമനടപടികൾ സ്വീകരിച്ചു, നിരവധി പേർ അറസ്റ്റിൽ
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

കുവൈത്ത് സിറ്റി: സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും കെട്ടിടങ്ങളിലെ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി കുവൈത്തിലെ ഖൈത്താൻ മേഖലയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടു ദിവസത്തെ സംയുക്ത പരിശോധനയിൽ 1,340 നിയമനടപടികൾ സ്വീകരിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നവംബർ 24, 25 തീയതികളിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ 243 പേരെ പിടികൂടി. വിവിധ കേസുകളിൽ അധികൃതർ അന്വേഷിച്ചിരുന്ന 215 പേരും താമസാനുമതി കാലാവധി അവസാനിച്ച 10 പേരും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച എട്ട് പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു. നിയമലംഘനം കണ്ടെത്തിയ 219 കെട്ടിടങ്ങളിലെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും നടപടിയെടുത്തു. പണം വാങ്ങി ഇഖാമ അനുവദിച്ച 30 കേസുകളും കണ്ടെത്തി. സർക്കാർ ഭൂമി കൈയേറി നിർമിച്ച കെട്ടിടങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി. റോഡുകളിലേക്കുള്ള അനധികൃത കൈയേറ്റങ്ങൾ, ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയ്ക്കെതിരെയും നടപടിയെടുത്തു.

കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്നിശമന സേന, വാണിജ്യ മന്ത്രാലയം, ഭക്ഷ്യസുരക്ഷാ അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വൈദ്യുതി-ജല മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ജലീബ് അൽ ശുയൂഖിൽ ആരംഭിച്ച പരിശോധന ഖൈത്താനിലേക്ക് വ്യാപിപ്പിച്ചതായും വരും ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സമാനമായ പരിശോധനകൾ നടത്തുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

संबंधित समाचार