25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

മമ്മൂട്ടിയുടെ ‘കാതോട് കാതോരം’ കുട്ടികൾക്ക് സമ്മാനപ്പെരുമഴ; ബിരിയാണി മുതൽ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ

S
Samanyu k •
WhatsApp Facebook X
മമ്മൂട്ടിയുടെ ‘കാതോട് കാതോരം’ കുട്ടികൾക്ക് സമ്മാനപ്പെരുമഴ; ബിരിയാണി മുതൽ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കൊച്ചി: ഒരു മനുഷ്യൻ ചെയ്യുന്ന നന്മയ്ക്ക് എത്രയധികം മനുഷ്യരെ പ്രചോദിപ്പിക്കാൻ കഴിയുമെന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായി മാറുകയാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കാതോട് കാതോരം’ പദ്ധതി. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് അപ്രതീക്ഷിത സമ്മാനങ്ങളുടെ പെരുമഴയാണ്. ഒരു നേരത്തെ ബിരിയാണിയിൽ തുടങ്ങി ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ നീളുകയാണ് ഈ സ്നേഹസമ്മാനങ്ങൾ.

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയും കേരള ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളും അവരുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുചേർന്നിരുന്നു. ഇവരെ കാണാൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയതും കുട്ടികൾക്കും കുടുംബങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ചതും ഇതിനോടകം വലിയ വാർത്തയായി മാറിയിരുന്നു.

എന്നാൽ ആ കൂടിച്ചേരലിന്റെ ഭാഗമായി അരങ്ങേറിയ ചില നന്മയുടെ കഥകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. ആദ്യ സമ്മാനം തലശ്ശേരിക്കാരൻ അബ്ദുവിന്റെ വകയായിരുന്നു.

പരിപാടിയിൽ പങ്കെടുത്തവർക്ക് ബിരിയാണി ഒരുക്കി വിളമ്പാനെത്തിയതായിരുന്നു പ്രീമിയം ബിരിയാണികളുടെ നിർമ്മാണത്തിലും വിതരണത്തിലും ശ്രദ്ധേയനായ തലശ്ശേരിക്കാരൻ അബ്ദുൾ ഖാദർ . എന്നാൽ ചടങ്ങിനിടെ കുട്ടികളുടെ സംസാരവും മാതാപിതാക്കളുടെ അനുഭവങ്ങളും കേട്ടതോടെ അബ്ദുവിന്റെ മനസ്സ് മാറി.

താൻ ഒരുക്കിയ ബിരിയാണിക്ക് ഇനി പ്രതിഫലം വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കുട്ടികൾക്കായി മമ്മൂട്ടി നടത്തുന്ന നന്മനിറഞ്ഞ പ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യമായിരുന്നു ആ തീരുമാനം. പരിപാടിക്കായി ഒരുക്കിയ ബിരിയാണിയും അതുമായി ബന്ധപ്പെട്ട ചെലവുകളും സൗജന്യമാക്കിക്കൊണ്ട് അബ്ദു തന്റെ സ്നേഹവും പിന്തുണയും പ്രകടിപ്പിച്ചു.
എന്നാൽ അതിലും വലിയൊരു സമ്മാനപ്രഖ്യാപനമാണ് പിന്നാലെ എത്തിയത്.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ചെയർമാനും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയായ എംജി ഗ്രൂപ്പിന്റെ ചെയർമാനുമായ ഗീവർഗീസ് യോഹന്നാനാണ് കുട്ടികൾക്ക് ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.

‘കാതോട് കാതോരം’ പദ്ധതിയുടെ ഗുണഭോക്താക്കളായ മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസം ആജീവനാന്തം സൗജന്യമായി ഏറ്റെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

കേരളത്തിലുടനീളമുള്ള എംജി എം ഗ്രൂപ്പിന്റെ മുപ്പതോളം സ്കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കും താൽപര്യമുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അവസരമൊരുക്കും. സ്കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, പോളിടെക്നിക് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾ വരെ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ