ദില്ലി: കോടതിയലക്ഷ്യക്കേസിൽ മലപ്പുറം സ്വദേശിയായ ജയപ്രകാശ് ഇ പിക്കെതിരെ കടുത്ത നടപടിയുമായി സുപ്രീം കോടതി. കേസിൽ നേരിട്ട് ഹാജരാകാനുള്ള നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് ജയപ്രകാശിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേരള പൊലീസിനാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10:30ന് ജയപ്രകാശിനെ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് എ അമാനുള്ള അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസിൽ സംസ്ഥാന സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട വിവാഹമോചനക്കേസാണ് സുപ്രീം കോടതിയിൽ എത്തിയത്. ഭാര്യയ്ക്ക് ജോലിയുണ്ടെന്നതിനാൽ ജീവനാംശം നൽകേണ്ടതില്ലെന്നായിരുന്നു ജയപ്രകാശിന്റെ വാദം. തിരുവല്ല കുടുംബക്കോടതി ജീവനാംശത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഭാര്യയ്ക്ക് താത്കാലിക ജോലി മാത്രമാണെന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരെയാണ് ജയപ്രകാശ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ കേസിനിടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ ജയപ്രകാശ് ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് ഭാര്യയുടെ അഭിഭാഷകർ സുപ്രീം കോടതി ധരിപ്പിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരെ അടക്കം പരാമർശങ്ങൾ നടത്തിയതും ചൂണ്ടിക്കാട്ടി. കൂടാതെ, 2023ൽ തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ വാഹനം തകർത്ത കേസിലും ജയപ്രകാശ് പ്രതിയാണെന്ന് കോടതിയെ അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾ പരിശോധിച്ച ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുകയുമായിരുന്നു. നേരിട്ട് ഹാജരാകാനും ഒരു ലക്ഷം രൂപ പിഴ ഈടാക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരോഗ്യകാരണങ്ങൾ പറഞ്ഞ് ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. തുടർന്ന് ഓൺലൈനായി ഹാജരാകാൻ നിർദേശം നൽകി. ഉച്ചയോടെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ ആരോഗ്യപ്രശ്നമുണ്ടെന്ന വാദം ജയപ്രകാശ് കോടതിയെ അറിയിച്ചു. തുടർന്ന് അതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് ഹാജരാകാൻ കോടതി നിർദേശിച്ചു. തനിക്ക് കോടതിയോട് പല കാര്യങ്ങളും ധരിപ്പിക്കാനുണ്ടെന്ന് ജയപ്രകാശ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ കേൾക്കാമെന്നും നേരിട്ട് എത്തണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ജനുവരി ആറിന് മാത്രമേ ഇനി കേരളത്തിൽ നിന്ന് ദില്ലിക്ക് ട്രെയിൻ ടിക്കറ്റ് കിട്ടൂ എന്നും അതിനാൽ ജനുവരി എട്ടിന് ഹാജരാകാമെന്നും ജയപ്രകാശ് മറുപടി പറഞ്ഞു. ഈ മറുപടി കോടതിയെ ചൊടിപ്പിച്ചു.
നിങ്ങൾ ഏത് കോടതിയിലാണ് നിൽക്കുന്നതെന്ന് ഓർക്കണമെന്നും ഇത് രാജ്യത്തിന്റെ സുപ്രീം കോടതിയാണെന്നും ജസ്റ്റിസ് മൻമോഹൻ ഓർമ്മപ്പെടുത്തി. ഒരുതവണ ഞങ്ങൾ ക്ഷണിച്ചു. എന്നാൽ വരാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി എസ്കോർട്ടിൽ എത്താമെന്ന് വ്യക്തമാക്കി ആണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടെ ജയപ്രകാശിനെ അറസ്റ്റ് ചെയ്ത് കേരള പൊലീസ് സുപ്രീം കോടതിയിൽ ഹാജരാക്കണം.