Friday, 27 November 2026
Online Edition

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് തിരിച്ചടി; പെരമ്പൂർ ജയത്തിനെതിരായ ഹർജി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി; തിരുച്ചി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും

പെരമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിലെ തുടർനടപടി

N
Nikhil •
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് തിരിച്ചടി; പെരമ്പൂർ ജയത്തിനെതിരായ ഹർജി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി; തിരുച്ചി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും
Select Article Language:
Showing original Malayalam version.

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. പെരമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. വിജയ് യുടെ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. എസ്. ദിനേശ് എന്ന വോട്ടർ നൽകിയ ഹർജിയിൽ നടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.

പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരായ വിജയ് യുടെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് ഹർജിയിലെ ആരോപണം. വിജയ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

അതേ സമയം വിജയ് രാജിവെച്ചൊഴിഞ്ഞ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകും. തിരുച്ചി ഈസ്റ്റ് ഉൾപ്പെടെയുള്ള മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിലക്ക് നീക്കാൻ കോടതി തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ തീർപ്പ് വന്നതിന് ശേഷം മാത്രമേ ഇവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ഇത് ടിവികെയ്ക്ക് വലിയ തിരിച്ചടിയാണ്.

അതേസമയം, അംബാസമുദ്രം, പെരുംതുറൈ എന്നീ രണ്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിലക്കിൽ ഹൈക്കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്. എഐഎഡിഎംകെ എംഎൽഎമാർ രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന മണ്ഡലങ്ങളാണിവ. ഇവിടെ ഉപതെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകി.

Related Stories