സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ; ബംഗ്ലാദേശ് പര്യടനം അനിശ്ചിതത്വത്തിൽ

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര പ്രഖ്യാപിച്ച് ബിസിസിഐ. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ദില്ലി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് ശേഷം ഇരു ടീമുകളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പര പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പോരാട്ടം.
അഫ്ഗാൻ പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അതേസമയത്ത് നിശ്ചയിച്ചിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം പൂർണമായും അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ നിലപാടുകളും ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള തർക്കങ്ങളുമാണ് നേരത്തെ ബംഗ്ലാദേശ് പര്യടനം സ്തംഭനത്തിലാക്കിയത്. നയതന്ത്രതലത്തിൽ പുതിയ ബംഗ്ലാദേശ് സർക്കാരും കായിക മന്ത്രാലയവും പരമ്പര പുനരാരംഭിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും സെപ്റ്റംബറിൽ അഫ്ഗാൻ പരമ്പര എത്തിയതോടെ ആശങ്കയേറി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ ബംഗ്ലാദേശിന്റെ നിർദ്ദേശങ്ങളിൽ തീരുമാനം എടുക്കൂ എന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. നയതന്ത്രതലത്തിലുള്ള അന്തിമ തീരുമാനത്തിന് ശേഷമേ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാവി വ്യക്തമാകൂ.
