അസറുദ്ദീന് ‘ദി സൈലന്റ് കില്ലര്‍’! 51 പന്തില്‍ മിന്നല്‍ ശതകം; കെഎസിഎല്‍ മൂന്നാം സീസണില്‍ ആദ്യത്തേത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഉപനായകൻ മുഹമ്മദ് അസറുദ്ദീന് തകർപ്പൻ സെഞ്ചുറി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊല്ലത്തിനെതിരെയാണ് സീസണിലെ ആദ്യ സെഞ്ചുറി താരം സ്വന്തമാക്കിയത്. വെറും 51 പന്തിൽ 7 സിക്സറുകളും 6 ഫോറുകളും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സ്.
അഖിൽ കെ.ജി. എറിഞ്ഞ ഏഴാം ഓവറിലാണ് അസറുദ്ദീൻ ആക്രമണത്തിന് തുടക്കമിട്ടത്; ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് ആ ഓവറിൽ താരം അടിച്ചുകൂട്ടി. തുടർന്ന് മോനു കൃഷ്ണ എറിഞ്ഞ പതിമൂന്നാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസ് നേടി അർദ്ധ സെഞ്ചുറി തികച്ചു.
പിന്നീട് ആക്രമണം കൂടുതൽ ശക്തമാക്കിയ അസറുദ്ദീൻ, മുഹമ്മദ് ഇഷാഖ് എറിഞ്ഞ പതിനഞ്ചാം ഓവറിൽ രണ്ട് സിക്സറുകളോടെ 17 റൺസും, എം.ഡി. നിധീഷ് എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 18 റൺസും വാരിക്കൂട്ടി.
നേരത്തെ ട്രിവാണ്ട്രം റോയൽസ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾക്കെതിരെയും അസറുദ്ദീൻ അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ ഇന്നിങ്സോടെ നാല് മത്സരങ്ങളിൽ നിന്നും 253 റൺസുമായി ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ അസറുദ്ദീൻ ഒന്നാമതെത്തി. വൈസ് ക്യാപ്റ്റൻ തകർപ്പൻ ഫോം തുടരുന്നത് കന്നിക്കിരീടം ലക്ഷ്യമിടുന്ന ആലപ്പി റിപ്പിൾസിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
