6 മാസം ബാക്കിയിരിക്കെ ചന്ദ്ര പടിയിറങ്ങി, ടാറ്റ ഗ്രൂപ്പിലെ തർക്കം പുതിയ വഴിക്ക്

മുംബൈ: കാലാവധി പൂർത്തിയാക്കാൻ ആറു മാസം മാത്രം ബാക്കിനിൽക്കെ ടാറ്റ സൺസ് ചെയർമാൻ പദവിയിൽനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. ഒമ്പത് വർഷത്തോളമായി ഗ്രൂപ്പിന്റെ അമരം അലങ്കരിക്കുന്ന അദ്ദേഹം, 2027 ഫെബ്രുവരി വരെ കാലാവധിയുണ്ടായിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഥാനമൊഴിയുന്നത്. ടാറ്റ സൺസിലെ ആഭ്യന്തര അധികാരവടംവലിയും തർക്കങ്ങളുമാണ് രാജിക്കു പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് 18-ന് കമ്പനിയുടെ വാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് ഈ നിർണായക നീക്കം. എയർ ഇന്ത്യ അടക്കമുള്ള പ്രമുഖ ടാറ്റ സംരംഭങ്ങളുടെ മോശം പ്രകടനവും അദ്ദേഹത്തിനെതിരെ ഗ്രൂപ്പിനുള്ളിൽ അമർഷം പുകയാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു.
40 വർഷത്തോളമായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ച ശേഷമാണ് ചന്ദ്രശേഖരൻ പടിയിറങ്ങുന്നത്. ടാറ്റയെ നയിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായി കരുതുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. അടുത്ത ഫെബ്രുവരിയിൽ നിലവിലെ കാലാവധി അവസാനിച്ച ശേഷം അഞ്ച് വർഷത്തേക്ക് കൂടി തുടരാൻ ട്രസ്റ്റ് താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ബോർഡിലെ ഒരംഗം കടുത്ത എതിർപ്പുയർത്തുകയായിരുന്നു. കഴിഞ്ഞ ആറു മാസമായി ബോർഡ് യോഗത്തിൽ വിഷയത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് സ്ഥാനത്തുനിന്ന് മാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടാറ്റ സൺസിന്റെ ഐ.പി.ഒ (ഓഹരി വിപണിയിലെ ലിസ്റ്റിങ്), ഡയറക്ടർ ബോർഡ് നിയമനങ്ങൾ, ചന്ദ്രശേഖരന്റെ പുനർനിയമനം എന്നീ വിഷയങ്ങളിൽ കമ്പനിക്കുള്ളിൽ ശക്തമായ ഭിന്നത നിലനിന്നിരുന്നു. ഇതിനായി നിശ്ചയിച്ച യോഗങ്ങൾ പലകുറി മാറ്റിവെക്കേണ്ടി വരികയും ചെയ്തു. ‘ചന്ദ്ര’ എന്ന പേരിൽ അറിയപ്പെടുന്ന ചന്ദ്രശേഖരന്റെ രാജിയോടെ, രാജ്യത്തെ പ്രമുഖ വ്യവസായ ഭീമനായ ടാറ്റ ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്ന ചർച്ചകൾ സജീവമായിട്ടുണ്ട്.
