മാലൂരിൽ പന്നിക്കെണിയിൽ കുരുങ്ങിയ പുലി ചത്തു; കെണിവെച്ചതിനെതിരെ കേസെടുക്കാൻ വനംവകുപ്പ്.

മാലൂരിൽ പന്നിക്കെണിയിൽ കുടുങ്ങി മയക്കുവെടിവെച്ച പുലി ചത്തു; സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കാൻ വനംവകുപ്പ്
കണ്ണൂർ: മാലൂരിലെ സ്വകാര്യ കൃഷിയിടത്തിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി വിദഗ്ദ്ധ പരിശോധനയ്ക്കായി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആറളം ഫാം മേഖലയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചപ്പോഴായിരുന്നു അന്ത്യം. കെണിയിൽ കുരുങ്ങി ആന്തരികാവയവങ്ങൾക്കുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് മാലൂർ കെ.പി.ആർ നഗറിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുലി കെണിയിൽ അകപ്പെട്ടത്. വീട്ടിലെ വളർത്തുമൃഗങ്ങൾ നിർത്താതെ ശബ്ദമുണ്ടാക്കിയതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പുലിയെ മയക്കുവെടി വെച്ച് കൂട്ടിനുള്ളിലാക്കി മാറ്റുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
