ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്ബോസ് സീസൺ 8 പ്രമോ

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രമോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചാണക്യ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന, മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രമോ ഒരു സിനിമാറ്റിക് അനുഭവമായാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ‘ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം’ എന്ന ടാഗ്ലൈനോടെ എത്തുന്ന സീസൺ സെപ്റ്റംബർ 6നാണ് ആരംഭിക്കുന്നത്. ഒരു ക്രിമിനൽ സംഘത്തിന്റെ പിടിയിലാകുന്ന മോഹൻലാൽ സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാല് തന്ത്രങ്ങളിലൂടെ രക്ഷപ്പെടുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഇന്ത്യൻ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പ്രമോ, ജനാധിപത്യപരമായ ഭൂരിപക്ഷ തീരുമാനങ്ങൾക്കും വ്യക്തിഗത നിലപാടുകൾക്കും ഇത്തവണത്തെ ഗെയിമിലുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നൽകുന്നുണ്ട്. കോമണർ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരും സെപ്റ്റംബർ 6 മുതൽ ഈ ആവേശ പോരാട്ടത്തിന്റെ ഭാഗമാകും.
