പ്രേമലുവിന് ശേഷം തെലുങ്കിൽ ഹിറ്റടിക്കാൻ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; ചിത്രം സെപ്റ്റംബർ 4 ന് തിയേറ്ററുകളിൽ

‘പ്രേമലു’വിന് ശേഷം തെലുങ്ക് പിടിക്കാൻ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’; ചിത്രം സെപ്റ്റംബർ നാലിന് തിയേറ്ററുകളിൽ
കൊച്ചി: ‘പ്രേമലു’വിന്റെ വൻ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തെലുങ്കിലേക്ക്. ചിത്രം സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് അറിയിച്ചു. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും വമ്പൻ കളക്ഷനും നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ആറാമത്തെ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അജ്മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരും റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറുമായ ചിത്രത്തിന് ആഷിക് എസ് ആർട്ടും, ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂമും, റോണക്സ് സേവ്യർ മേക്കപ്പും, ആക്ഷൻ സന്തോഷ് സംഘട്ടനവും ഒരുക്കിയിരിക്കുന്നു. ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായ ചിത്രത്തിൽ വിഷ്ണു സുജാതൻ സൗണ്ട് മിക്സിങും, ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, രമേഷ് സി.പി (കളറിസ്റ്റ്), റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ (സ്റ്റിൽസ്), യെല്ലോ ടൂത്ത്സ് (പോസ്റ്റർ ഡിസൈൻ), ആതിര ദിൽജിത്ത് (പിആർഒ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
