‘ആ പന്ത് ബാറ്റില്‍ ഉരസിയിരുന്നു’; ബംഗ്ലാദേശിനെതിരെ താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണെന്ന് സമ്മതിച്ച് സ്റ്റീവ് സ്മിത്ത്

ഡാര്വിന്: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ താന്‍ ഭാഗ്യം കൊണ്ട് മാത്രമാണ് പുറത്താകാതെ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ബാക്സ്മാന് സ്റ്റീവ് സ്മിത്ത്. മത്സരത്തിന്റെ ആദ്യ ദിനം എബാദത്ത് ഹുസൈന്റെ പന്തില്‍ ബാറ്റ് എഡ്ജ് ചെയ്തിരുന്നെങ്കിലും സാങ്കേതികവിദ്യയുടെ തകരാര്‍ മൂലം താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് വ്യക്തമാക്കി.
മത്സരത്തിലെ 21-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. സ്മിത്ത് ഏഴ് റണ്‍സെടുത്തു നില്‍ക്കെ എബാദത്ത് എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് കയ്യിലൊതുക്കുകയായിരുന്നു. ബംഗ്ലാദേശ് താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഔട്ട് അനുവദിച്ചില്ല. ഔട്ടാണെന്ന് ഉറപ്പിച്ച സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നടക്കാന്‍ തുനിഞ്ഞെങ്കിലും അമ്പയറുടെ തീരുമാനമറിഞ്ഞ് ക്രീസില്‍ തുടരുകയായിരുന്നു.
തുടര്‍ന്ന് ബംഗ്ലാദേശ് റിവ്യൂ എടുത്തുവെങ്കിലും റിയല്‍ ടൈം സ്നികോയില്‍ (Snicko) പന്ത് ബാറ്റിലുരസിയതിന്റെ ശബ്ദമോ സ്പൈക്കോ രേഖപ്പെടുത്തിയില്ല. ഇതോടെ അമ്പയറുടെ തീരുമാനം നിലനില്ക്കുകയും ബംഗ്ലാദേശിന് റിവ്യൂ നഷ്ടമാവുകയും ചെയ്തു.
“അതെ, അത് ഭാഗ്യം തന്നെയാണ്. ചില സമയങ്ങളില്‍ നമുക്ക് അത്തരം ഭാഗ്യങ്ങളും ആവശ്യമാണ്. സാധാരണയായി സാങ്കേതികവിദ്യ വളരെ കൃത്യമാണ്. ബാറ്റ് എഡ്ജ് ചെയ്തോ എന്ന് എനിക്ക് ഉറപ്പില്ല, എങ്കിലും എന്തോ ഒന്ന് തട്ടിയതായി എനിക്ക് തോന്നിയിരുന്നു. അമ്പയര്‍ ഔട്ട് വിളിച്ചിരുന്നെങ്കില്‍ ഞാന്‍ തിരികെ നടക്കുമായിരുന്നു. ഏതായാലും ഇന്ന് സാങ്കേതികവിദ്യയാണ് എന്നെ രക്ഷിച്ചത്” – സ്മിത്ത് പറഞ്ഞു.
നേരത്തെ രണ്ട് റണ്‍സില്‍ നില്‍ക്കെയും സ്മിത്തിന് ജീവന് ലഭിച്ചിരുന്നു. എബാദത്തിന്റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ തന്‍സിദ് ഹസന് സ്മിത്തിന്റെ ക്യാച്ച് കൈവിടുകയായിരുന്നു. ഈ അവസരങ്ങള്‍ മുതലെടുത്ത സ്മിത്ത് പിന്നീട് 71 റണ്‍സ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. 109 പന്തില്‍ നിന്നാണ് സ്മിത്ത് 71 റണ്‍സെടുത്തത്. ഹസന് മഹ്മൂദാണ് സ്മിത്തിനെ പുറത്താക്കിയത്.
മത്സരത്തില്‍ കരിയറിലെ മികച്ച പ്രകടനവുമായി 6 വിക്കറ്റ് വീഴ്ത്തിയ ഹസന് മഹ്മൂദിന്റെ ബൗളിങ് കരുത്തില്‍ ഓസ്ട്രേലിയയെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 198 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന ശക്തമായ നിലയിലാണ്.
