വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്, ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകും, കാരണം തീവ്ര ന്യൂന മർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ആഗസ്റ്റ് 13, 14 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും.
പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചതാണ് മഴ ശക്തമാകാൻ കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
- ആഗസ്റ്റ് 13 (വ്യാഴം): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
- ആഗസ്റ്റ് 14 (വെള്ളി): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.
മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
