എയർടെൽ ഉപഭോക്താക്കൾക്ക് തിരിച്ചടി; 299 രൂപയുടെ ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു

ന്യൂഡൽഹി: ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കി എയർടെൽ. 299, 579, 619, 649 രൂപ നിരക്കുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് ടെലികോം സേവനദാതാക്കളായ എയർടെൽ പിൻവലിച്ചത്. പ്ലാനുകളുടെ ഘടന ലളിതമാക്കുന്നതിനും ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കുന്നതിനുമാണ് കമ്പനിയുടെ നീക്കം.
ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിച്ചിരുന്ന 299 രൂപയുടെ പ്ലാൻ ഒഴിവാക്കിയതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്. ഇനി മുതൽ ഇതിന് പകരം 349 രൂപയുടെ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരും. ഇതോടെ പ്രതിമാസ ചെലവിൽ 16 ശതമാനത്തോളം വർധനവാണുണ്ടാകുക. അതേസമയം, പഴയ പ്ലാനിൽ ലഭിച്ചിരുന്ന 1.5 ജിബി ഡാറ്റയ്ക്ക് പകരം പുതിയ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകും.
28 ദിവസത്തെ വാലിഡിറ്റിയുള്ള 199, 219 രൂപയുടെ നിരക്കുകൾ നിലവിൽ മാറ്റമില്ലാതെ തുടരുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ഓഫർ ചെയ്യുന്ന ഈ പ്ലാനുകളിൽ യഥാക്രമം 2 ജിബി, 3 ജിബി ഡാറ്റ മാത്രമാണ് ആകെയുള്ള വാലിഡിറ്റിയിൽ ലഭിക്കുക. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർ അധിക തുക നൽകി റീചാർജ് ചെയ്യേണ്ടി വരും.
എല്ലാ പ്ലാനുകളിലും ഒരേസമയം നിരക്ക് കൂട്ടുന്നതിന് പകരം, കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ട് തിരഞ്ഞെടുത്ത പ്ലാനുകളിൽ മാത്രം നിരക്ക് വർധിപ്പിക്കുന്ന തന്ത്രമാണ് എയർടെൽ പായറ്റുന്നത്.
