വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങി സ്കൂൾ പ്രിൻസിപ്പൽ; വീഡിയോ വൈറലായതോടെ വിവാദം; ഒടുവിൽ സസ്പെൻഷൻ

ജയ്പൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ രീതിയിൽ ഡാമിൽ കുളിക്കാനിറങ്ങിയ സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. നാട്ടുകാരുടെ പ്രതിഷേധത്തെയും പരാതിയെയും തുടർന്ന് വിദ്യാഭ്യാസ വകുപ്പാണ് അധ്യാപകനെതിരെ നടപടിയെടുത്തത്.
ഓഗസ്റ്റ് 15-ന് സ്കൂളിലെ ആഘോഷ പരിപാടികൾക്ക് ശേഷമാണ് ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഇരുന്നൂറോളം വിദ്യാർഥിനികളുമായി പ്രിൻസിപ്പൽ സമീപത്തെ വനമേഖലയിലുള്ള ഡാമിലെത്തിയത്. മറ്റ് അധ്യാപികമാരാരും സംഘത്തിലുണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരോ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള മുൻകരുതലുകളോ ഇല്ലാതെയാണ് കുട്ടികളെ ജലാശയത്തിൽ ഇറക്കിയത്.
മുങ്ങിമരണങ്ങൾ പതിവായതിനെ തുടർന്ന് നാല് വർഷം മുൻപ് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ മേഖലയാണിത്. വന്യമൃഗ സാന്നിധ്യമുള്ള വനമേഖലയിലെ അപകടകരമായ വെള്ളക്കെട്ടിൽ പ്രിൻസിപ്പൽ കുട്ടികളെ കൈയിലെടുത്ത് നീന്തൽ പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവം വിവാദമായതോടെ ശനിയാഴ്ച രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. തുടർന്ന് അൽവാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യുകയും വിഷയത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
