പാറന്തൂര് വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു ; സര്ക്കാര് സമരക്കാര്ക്കൊപ്പമായിരിക്കുമെന്ന് വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പറന്തൂരിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്ന പുതിയ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. കാർഷിക ഭൂമിയും പരിസ്ഥിതി വ്യവസ്ഥയും സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെയും കർഷകരുടെയും ശക്തമായ ആവശ്യവും ആശങ്കയും മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു.
മുൻ സർക്കാറിന്റെ കാലത്ത് രൂപം നൽകിയ ഈ വിമാനത്താവള പദ്ധതിക്കെതിരെ തുടക്കം മുതൽ വൻ ജനരോഷം ഉയർന്നിരുന്നു. ഒക്ടോബർ 2024 മുതൽ പദ്ധതിക്കെതിരെ നിലപാടെടുത്ത കാര്യം അനുസ്മരിച്ച വിജയ്, വിക്ട്രോണ്ടിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ തൻ്റെ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുകയാണെന്ന് വ്യക്തമാക്കി. വ്യവസായിക പുരോഗതിക്ക് വിമാനത്താവളങ്ങൾ ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ല, എന്നാൽ കർഷകരുടെയും സാധാരണക്കാരുടെയും കണ്ണീരിൽ പടുത്തുയർത്തുന്ന വികസനം ആവശ്യമില്ലെന്നും കർഷക ക്ഷേമം ബലിനൽകി ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിമാനത്താവള പദ്ധതി ഉപേക്ഷിച്ച സർക്കാർ നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷമായ ഡി.എം.കെയും ഭരണകക്ഷിയായ ടി.വി.കെയും തമ്മിൽ രൂക്ഷമായ വാക്പോരിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. പറന്തൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കുന്നതിന് 2025 ഏപ്രിലിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിരുന്നതാണ്.
വലിയ ജനപിന്തുണയോടെ അധികാരത്തിലെത്തിയ ടി.വി.കെ സർക്കാർ, നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി മാറ്റിവെച്ചിരുന്ന സ്ഥലം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സ്വാഭാവിക ജലാശയങ്ങൾക്കും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾക്കും നാശം വരാത്ത രീതിയിൽ ബദൽ മാർഗങ്ങളും ബദൽ സ്ഥലങ്ങളും കണ്ടെത്തുന്നതിനായുള്ള സമഗ്ര അവലോകനം നടന്നുവരികയാണെന്ന് കഴിഞ്ഞ ജൂണിൽ ടി.വി.കെ നേതാവ് സി.ടി.ആർ. നിർമ്മൽ കുമാറും വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.
