പരീക്ഷണങ്ങൾ വിജയം, E20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം; പഴയ വാഹനങ്ങൾക്കും ആശങ്ക വേണ്ട

ന്യൂഡൽഹി: രാജ്യത്ത് എഥനോൾ മിശ്രിത ഇന്ധനത്തിന്റെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി E20 പെട്രോൾ നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാർലമെന്റിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സർക്കാർ ഏജൻസികളും വാഹന നിർമാതാക്കളും ഓട്ടോമൊബൈൽ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ ലാബ്, റോഡ് പരീക്ഷണങ്ങളിൽ E20 പെട്രോൾ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി മന്ത്രാലയം വിശദീകരിച്ചു.
എഞ്ചിൻ കരുത്ത്, വാഹന പ്രകടനം, ഇന്ധനക്ഷമത (മൈലേജ്), വിവിധ കാലാവസ്ഥകളിലെ പ്രവർത്തനം തുടങ്ങിയ ഘടകങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് E20 പെട്രോളിന് അംഗീകാരം നൽകിയത്. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), പ്രമുഖ വാഹന നിർമാതാക്കൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.
കുറഞ്ഞ താപനിലയിലെ എഞ്ചിൻ സ്റ്റാർട്ടിങ്, തുരുമ്പ് പ്രതിരോധം, എൻജിൻ ഘടകങ്ങളുമായുള്ള ഇന്ധനത്തിന്റെ അനുയോജ്യത, ഫ്യൂവൽ സിസ്റ്റത്തിന്റെ ആയുസ്സ്, മലിനീകരണ തോത് എന്നിവ വിലയിരുത്തിയതിൽ ഇന്ധനം സാങ്കേതിക പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമായി. 2020 ഡിസംബറിൽ നിതി ആയോഗിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്തർ മന്ത്രാലയ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
പഴയ വാഹനങ്ങളിൽ E20 ഉപയോഗിക്കുന്നത് എൻജിനെയോ മറ്റ് പ്രധാന ഭാഗങ്ങളെയോ ബാധിക്കില്ലെന്നും സാധാരണ ഉപയോഗത്തിൽ വാഹനത്തിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
