ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ പാക്കപ്പായി

കൊച്ചി: ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളി’ൻ്റെ ചിത്രീകരണം പൂർത്തിയായി. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു-മണാലി, മസൂറി, ലഡാക്ക് തുടങ്ങിയ പ്രമുഖ ലൊക്കേഷനുകളിലായി പൂർത്തിയായ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് തീയേറ്ററുകളിലെത്തുന്നത്.
ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന യഥാർത്ഥ സംഭവങ്ങളെയും നാഷണൽ ഇൻ്റലിജൻസ് പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൻ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ഉൾക്കൊള്ളുന്ന ചിത്രം മലയാള സിനിമയുടെ പാൻ-ഇന്ത്യൻ തലത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിന്റെ സന്തതികൾ’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സുനിമോൾ ജോബിയാണ് സഹനിർമ്മാതാവ്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, നന്ദലാൽ കൃഷ്ണമൂർത്തി, സിറാജുദ്ദീൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സംവിധായകനായ രതീഷ് വേഗ തന്നെയാണ് ചിത്രത്തിൻ്റെ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വി.ബി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
