പനോരമിക് സൺറൂഫും അഡാസും; പുതിയ ലുക്കിൽ മഹീന്ദ്ര സ്കോർപിയോ എൻ

ന്യൂഡൽഹി: വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട്, ജനപ്രിയ എസ്.യു.വിയായ സ്കോർപിയോ എന്നിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് മഹീന്ദ്ര വിപണിയിലിറക്കി. 13.69 ലക്ഷം രൂപ മുതൽ 25.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. സാധാരണയായി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന പതിവ് മാറ്റിപ്പിടിച്ചാണ് കമ്പനി ഇത്തവണ നേരത്തെതന്നെ വാഹനം പുറത്തിറക്കിയിരിക്കുന്നത്.
ഡിസൈനിലെ പുതുമകൾ പുറംമോടിയിൽ നിലവിലെ സ്കോർപിയോ എന്നിന്റെ മാസ്കുലിൻ ലുക്ക് തന്നെയാണ് പുതിയ മോഡലും നിലനിർത്തുന്നത്. മുന്നിലെ ബോൾഡ് സ്റ്റൈലിങ്ങിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും ഡ്യുവൽ ടോൺ ഫിനിഷിലുള്ള 18 ഇഞ്ച് പുതിയ അലോയ് വീലുകൾ എക്സ്റ്റീരിയറിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
സാങ്കേതികവിദ്യയും ഇന്റീരിയറും അകത്തളത്തിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. 12.29 ഇഞ്ച് ഫ്രീ-ഫ്ലോട്ടിങ് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഥാർ റോക്സിന് സമാനമായ 10.24 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ആകർഷണം. പനോരമിക് സൺറൂഫ് ഉൾപ്പെടുത്തിയത് ക്യാബിന് കൂടുതൽ പ്രീമിയം അന്തരീക്ഷം നൽകുന്നു.
മുന്നിലെ വെന്റിലേറ്റഡ് സീറ്റുകൾ, 12 സ്പീക്കറുകളുള്ള സോണി ഓഡിയോ സിസ്റ്റം, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 540 ഡിഗ്രി ക്യാമറ, ലെതർ അപ്ഹോൾസ്റ്ററിയുള്ള 6-വേ പവേർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിങ് ഐ.ആർ.വി.എം, ടൈപ്പ്-സി ചാർജിങ് പോർട്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ എഞ്ചിൻ പെർഫോമൻസ്, റോൾ & പിച്ച്, കോമ്പസ്, ആൾട്ടിമീറ്റർ, ജി-ഫോഴ്സ് തുടങ്ങിയ ഓഫ്-റോഡ് ഡാറ്റകൾ തത്സമയം സ്ക്രീനിൽ ലഭിക്കും.
സുരക്ഷയും എഞ്ചിനും സുരക്ഷ മുൻനിർത്തി ലെവൽ-2 അഡാസ് (ADAS) ഫീച്ചറുകൾ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു.
എഞ്ചിൻ പ്രകടനത്തിൽ മാറ്റമില്ല. നിലവിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനുകൾ തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം വകഭേദങ്ങൾക്ക് അനുസരിച്ച് റിയർ വീൽ ഡ്രൈവ് (RWD), ഫോർ വീൽ ഡ്രൈവ് (4WD) ഓപ്ഷനുകളും ലഭ്യമാണ്.
