വിശ്വസ്തരായ ഈ കൂട്ടായ്മ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്; പിറന്നാള്‍ സ്നേഹത്തിന് ആരാധകരോട് നന്ദി പറഞ്ഞ് കജോള്‍

“ഒരു വലിയ വൈകാരിക കുറിപ്പെഴുതാൻ ഉദ്ദേശിക്കുന്നില്ല, എങ്കിലും ഈ ദിവസം അവസാനിക്കുന്നതിന് മുൻപ് നന്ദി പറയാതിരിക്കാൻ കഴിയുന്നില്ല. രണ്ട് മിനിറ്റ് മാറ്റിവെച്ച് സന്ദേശമയച്ച, വീഡിയോ പങ്കുവെച്ച, അല്ലെങ്കിൽ സ്നേഹം അറിയിച്ച ഓരോരുത്തർക്കും നന്ദി. എന്നെ പിന്തുണയ്ക്കാൻ ഇതുപോലൊരു വിശ്വസ്തരും സന്തോഷമുള്ളവരുമായ ആരാധകക്കൂട്ടത്തെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ കെട്ടിപ്പിടുത്തങ്ങൾ… ഇനി എന്റെ പേരിൽ പോയി ഒരു കഷ്ണം കേക്ക് കഴിക്കൂ!” – കാജോൾ കുറിച്ചു.
മുംബൈ: പിറന്നാൾ ദിനത്തിൽ സ്നേഹാശംസകൾ നേരുകയും അത് മനോഹരമാക്കാൻ പരിശ്രമിക്കുകയും ചെയ്ത ആരാധകർക്കും പ്രിയപ്പെട്ടവർക്കും നന്ദി അറിയിച്ച് ബോളിവുഡ് താരം കാജോൾ. തനിക്ക് കൂടെ നിൽക്കാൻ വിശ്വസ്തരായ ഒരു കൂട്ടം ആരാധകരെ ലഭിച്ചതിൽ ഭാഗ്യവതിയാണെന്ന് താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഗതാഗതക്കുരുക്കിൽ കാറിന്റെ പിൻസീറ്റിലിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് താരം വൈകാരികവും ലളിതവുമായ നന്ദിക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
1992-ൽ പുറത്തിറങ്ങിയ ‘ബേഖുദി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാജോൾ, ‘ബാസിഗർ’, ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’, ‘ഗുപ്ത്’, ‘കുച്ച് കുച്ച് ഹോതാ ഹൈ’, ‘കഭി ഖുഷി കഭി ഗം’, ‘ഫന’, ‘മൈ നെയിം ഈസ് ഖാൻ’ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ആണ് കാജോളിന്റെ ഭർത്താവ്. നൈസ, യുഗ് എന്നിവരാണ് മക്കൾ.
