നിന്റെ ശബ്ദം പെൺകുട്ടികളുടേത് പോലെ, ഒരുപാട് കളിയാക്കലുകൾ കേട്ടു, ഒടുവിൽ; അനുഭവം പറഞ്ഞ് യുവാവ്

ന്യൂഡൽഹി: ശബ്ദത്തിന്റെ പേരിൽ സ്കൂൾ കാലം മുതൽ നേരിടേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ചും, അത് നൽകിയ വേദനകളെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നെഴുതി എഴുത്തുകാരനും അധ്യാപകനുമായ ദീപക് രാമോല. പെൺകുട്ടികളുടേതിന് സമാനമായ ശബ്ദമാണെന്ന് ആരോപിച്ച് നിരന്തരം അധിക്ഷേപങ്ങൾ നേരിടേണ്ടിവന്ന അനുഭവമാണ് ഹാർവാർഡ് ബിരുദധാരി കൂടിയായ ദീപക് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
സമീപകാലത്തുണ്ടായ ഒരു മോശം അനുഭവം ചെറുപ്പകാലത്തെ മുറിവുകൾ വീണ്ടും ഓർമ്മപ്പെടുത്തുകയായിരുന്നു. എന്നാൽ, പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് അധ്യാപികയായ പ്രഗതി കപൂർ നൽകിയ ഉപദേശമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് അദ്ദേഹം കുറിച്ചു.
ശബ്ദത്തിന്റെ പേരിൽ കളിയാക്കലുകൾ കേട്ട് കരഞ്ഞിരുന്ന ദീപകിനോട്, “നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ” എന്ന് അധ്യാപിക ചോദിച്ചു. ഇനി സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രയാസമാകുമോ എന്ന ചോദ്യത്തിന്, തനിക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നായിരുന്നു ദീപക്കിന്റെ മറുപടി. “എങ്കിൽ നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണ്. സ്വന്തം ശബ്ദത്തെയും ജീവിത കഥയെയും ആദ്യം നീ തന്നെ ഉൾക്കൊള്ളണം. നീ സ്വയം അംഗീകരിച്ച ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവർക്ക് നിന്നെ തോൽപ്പിക്കാനാകില്ല” എന്ന അധ്യാപികയുടെ വാക്കുകളാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്ന് ദീപക് വ്യക്തമാക്കുന്നു.
അതിനുശേഷം തന്റെ ശബ്ദത്തെക്കുറിച്ച് ഒരിക്കലും ഖേദിച്ചിട്ടില്ലെന്നും ദീപക് കൂട്ടിച്ചേർത്തു. self-acceptance അഥവാ സ്വയം അംഗീകരിക്കാനുള്ള മനസ്സ് കൈവരിച്ചാൽ പിന്നെ ആർക്കും ഒരാളെയും തളർത്താനാകില്ലെന്ന് വ്യക്തമാക്കി നിരവധ ആളുകളാണ് ദീപക്കിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തുന്നത്.
