‘അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി’; ഭർത്താവിനെക്കുറിച്ച് കണ്ണു നിറഞ്ഞ് സംസാരിച്ച് അനുമോൾ

തിരുവനന്തപുരം: ബിഗ് ബോസ് സീസൺ 7 വിജയിയും മിനിസ്ക്രീൻ താരവുമായ അനുമോൾ ഭർത്താവ് ഭുവനേഷ് രാജേന്ദിറിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തമിഴ്നാട് സ്വദേശിയായ ഭുവനേഷുമായുള്ള വിവാഹത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താൻ ഏറെ സ്നേഹിക്കുന്ന തിരുവനന്തപുരം വിട്ടുപോകേണ്ടി വരില്ലെന്ന ഭർത്താവിന്റെ ഉറപ്പാണ് തന്നെ ഏറ്റവും സന്തോഷിപ്പിച്ചതെന്ന് അനുമോൾ പുതിയ വീഡിയോയിൽ പറഞ്ഞു.
“എനിക്ക് തിരുവനന്തപുരം വിട്ടുപോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ജോലിയുടെ ആവശ്യത്തിന് പുറത്തുപോയാലും എത്രയും പെട്ടെന്ന് തിരുവനന്തപുരത്ത് തിരിച്ചെത്താനാണ് ആഗ്രഹിക്കുന്നത്. തിരുവനന്തപുരം വിട്ടുപോകരുതെന്ന് മനസ്സിലുണ്ടായിരുന്നെങ്കിലും അങ്ങോട്ട് പറയുന്നതിന് മുൻപ് തന്നെ ഭുവൻ ഇങ്ങോട്ട് ഒരു ഉറപ്പ് നൽകുകയായിരുന്നു. നിന്റെ വീടും അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഇവിടെയല്ലേ, അതുകൊണ്ട് താനും അമ്മയും തിരുവനന്തപുരത്തേക്ക് മാറിക്കോളാം എന്നാണ് ഭുവൻ പറഞ്ഞത്. അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി” – അനുമോൾ വ്യക്തമാക്കി.
മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽ വർക്ക് ഫ്രം ഹോം ആയി ജോലി ചെയ്യുകയാണ് ഭുവനേഷ്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തേക്ക് മാറുന്നതിൽ തടസ്സങ്ങളില്ലെന്നും അനുമോൾ കൂട്ടിച്ചേർത്തു. ഭുവനേഷാണ് തന്നെ ആദ്യം പ്രപ്പോസ് ചെയ്തതെന്നും വികാരഭരിതയായാണ് താരം വീഡിയോയിൽ സംസാരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
