സംവരണപ്പട്ടിക പുതുക്കല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ സംവരണപ്പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന സർക്കാറിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. കേന്ദ്ര സർക്കാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകിയിട്ടും സംസ്ഥാന ഭാഗത്തുനിന്ന് തുടർച്ചയായ വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി.
പിന്നോക്ക വിഭാഗങ്ങളിലെ അർഹരായ മുഴുവൻ ആളുകൾക്കും സംവരണ ആനുകൂല്യം ഉറപ്പാക്കുംവിധം സംവരണപ്പട്ടിക പുതുക്കുന്നതിനായി അടിയന്തരമായി സാമൂഹിക-സാമ്പത്തിക സർവേ പൂർത്തിയാക്കാൻ 2010-ൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ‘മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്’ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
സെപ്റ്റംബർ എട്ടിനകം വിഷയത്തിൽ കൃത്യമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സംസ്ഥാന പിന്നാക്ക വികസന ഡയറക്ടർക്കും പിന്നാക്ക വിഭാഗ കമ്മിഷൻ സെക്രട്ടറിക്കും കോടതി കർശന നിർദേശം നൽകി. കേസ് സെപ്റ്റംബർ 11-ന് വീണ്ടും പരിഗണിക്കും.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം
അഞ്ചു വർഷം മുമ്പ് (2020) ചട്ടത്തിലെ 11-ാം വകുപ്പടക്കം പരിഗണിച്ച് സർവേ നടത്തി സംവരണപ്പട്ടിക പുതുക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, 2021-ലെ 105-ാം ഭരണഘടനാ ഭേദഗതിക്ക് മുമ്പായിരുന്നു ഈ ഉത്തരവെന്നും, ഭേദഗതി വന്നതോടെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ (SEBC) പട്ടിക തയാറാക്കാനുള്ള പൂർണ അധികാരം സംസ്ഥാന സർക്കാറുകൾക്കാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കൂടാതെ, 2017-ലെ കോടതി നിർദേശപ്രകാരം 2011-ലെ ജാതി സെൻസസ് വിവരങ്ങളുടെ റിപ്പോർട്ട് 2023 മേയ് 23-ന് തന്നെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്രം സമർപ്പിച്ച ഈ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് വേണം സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം നൽകാനെന്നും കോടതി നിർദേശിച്ചു.
