ദിവസം യാത്രയ്ക്ക് വേണ്ടി മാത്രം 6 മണിക്കൂർ; വീട്ടിലെത്തുന്നു ഉറങ്ങുന്നു, ദുരിതം വിവരിച്ച് യുവാവ്

ജോലിസ്ഥലത്തേക്കുള്ള ദീർഘനേരത്തെ യാത്ര കാരണം ജീവിതത്തിലെ സുപ്രധാന മണിക്കൂറുകൾ നഷ്ടപ്പെടുന്നതിന്റെ ദുരിതം പങ്കുവെച്ച് യുവാവ്. മഹാരാഷ്ട്രയിലെ ബദ്ലാപൂരിൽ നിന്ന് ഗോരേഗാവിലേക്ക് ദിവസേന ആറര മണിക്കൂറോളം യാത്ര ചെയ്യുന്ന യുവാവാണ് തന്റെ അനുഭവങ്ങൾ റെഡ്ഡിറ്റിലൂടെ കുറിച്ചത്. ജോലി സമയത്തിന് തുല്യമായ സമയമാണ് ഇദ്ദേഹത്തിന് യാത്രക്കായി മാത്രം ചെലവഴിക്കേണ്ടി വരുന്നത്.
പുലർച്ചെ അഞ്ച് മണിക്ക് ഉണരുന്ന താൻ 6.30-ഓടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്ന് യുവാവ് പറയുന്നു. 7.15-ന് ബദ്ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറി ദാദറിലിറങ്ങി വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിലെത്തും. അവിടെ നിന്ന് അരമണിക്കൂറോളം ഓട്ടോറിക്ഷക്കായി ക്യൂ നിന്ന ശേഷമാണ് രാവിലെ 10 മണിയോടെ ഓഫീസിലെത്തുന്നത്.
വൈകീട്ട് ഏഴ് മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങിയാൽ രാത്രി 11 മണിയോടെയാണ് ബദ്ലാപൂരിലെ വീട്ടിൽ തിരിച്ചെത്തുക. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഇതാണ് അവസ്ഥ. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും ദിവസം ആറ് മണിക്കൂറിലധികം യാത്രയ്ക്കായി മാത്രം നഷ്ടപ്പെടുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഓഫീസിന് സമീപത്തേക്ക് താമസം മാറ്റുന്നതും വെല്ലുവിളിയാണ്. പ്രദേശത്ത് പി.ജി മുറികൾക്ക് ഉയർന്ന വാടകയാണുള്ളത്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനവുമാണ്. 35,000 രൂപ മാത്രമാണ് പ്രതിമാസ ശമ്പളമെന്നതിനാൽ ഉയർന്ന വാടക നൽകി താമസിക്കാൻ സാധിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ദിവസേനയുള്ള ഈ ദുരിതയാത്ര ഒഴിവാക്കാൻ കുറഞ്ഞ നിരക്കിലുള്ള മറ്റേതെങ്കിലും ഹോസ്റ്റലുകളോ പി.ജിയോ കണ്ടെത്താൻ ശ്രമിക്കണമെന്നാണ് ഭൂരിഭാഗം പേരുടെയും ഉപദേശം.
