എപ്പോഴും ക്ഷീണമാണോ? ഊർജ്ജക്കുറവിന് പിന്നിലെ പ്രധാന ശീലങ്ങൾ ഇവയാണ്

ദിവസം മുഴുവൻ വിട്ടുമാറാത്ത തളർച്ചയും ക്ഷീണവും അനുഭവപ്പെടുമ്പോൾ ഉറക്കക്കുറവോ മാനസികസമ്മർദ്ദമോ ആണ് കാരണങ്ങളെന്ന് കരുതി തള്ളിപ്പറയാൻ വരട്ടെ. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചില തെറ്റായ ശീലങ്ങളാണ് ഈ ഊർജ്ജക്കുറവിന് പിന്നിലെ പ്രധാന വില്ലനെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നമ്മൾ അറിയാതെ പോകുന്ന അത്തരം ചില പ്രധാന ഭക്ഷണശീലങ്ങൾ താഴെ പറയുന്നവയാണ്:
- മധുരപലഹാരങ്ങൾ നൽകുന്ന വ്യാജ ഊർജ്ജം: ബിസ്ക്കറ്റുകളോ മധുരപലഹാരങ്ങളോ കഴിക്കുമ്പോൾ പെട്ടെന്ന് ഊർജ്ജം ലഭിക്കുമെന്ന് തോന്നുമെങ്കിലും ഇത് താൽക്കാലികം മാത്രമാണ്. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചാൽ അരമണിക്കൂറിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴ്ന്ന് ശരീരം കൂടുതൽ തളർച്ചയിലേക്ക് വീഴും.
- ഉച്ചയൂണും ബയോളജിക്കൽ ക്ലോക്കും: ഉച്ച ഭക്ഷണത്തിന് ശേഷമുള്ള ക്ഷീണത്തിന് ആഹാരം മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവികമായ ‘ബയോളജിക്കൽ ക്ലോക്ക്’ കൂടിയാണ് കാരണം. ഉച്ചയ്ക്ക് ശേഷം ശരീരത്തിന്റെ ഊർജ്ജ നില സ്വാഭാവികമായി താഴാറുണ്ട്. ഇതിനൊപ്പം കൊഴുപ്പടങ്ങിയ കനത്ത ഭക്ഷണങ്ങൾ കൂടിയാകുമ്പോൾ ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉൽപ്പാദനം കൂടുകയും ക്ഷീണം ഇരട്ടിക്കുകയും ചെയ്യുന്നു.
- വൈകുന്നേരങ്ങളിലെ കാപ്പി ഉപയോഗം: കാപ്പി താൽക്കാലിക ഉന്മേഷം നൽകുമെങ്കിലും അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് പോലും കഫീൻ ശരീരത്തിലെത്തുന്നത് രാത്രിയിലെ ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് ഒരു മണിക്കൂറിലധികം നഷ്ടപ്പെടുത്തും. ഇത് അടുത്ത ദിവസത്തെ ഊർജ്ജത്തെ ബാധിക്കും.
- മദ്യപാനം ഉറക്കത്തെ സഹായിക്കില്ല: മദ്യം കഴിക്കുന്നത് നല്ല ഉറക്കം തരുമെന്നത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണ്. മദ്യം ശരീരത്തിന് വിശ്രമം നൽകുകയല്ല, മറിച്ച് തലച്ചോറിനെ ബോധരഹിതാവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന് അത്യാവശ്യമായ ‘ആർ.ഇ.എം സ്ലീപ്’ (REM Sleep) തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം പൂർണ്ണമായി നഷ്ടപ്പെടുത്തുകയും ചെയ്യും.
