കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു; ജയിലിൽ ശിക്ഷ അനുഭവിക്കവെ മരണം.
സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കവെ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. തീഹാർ ജയിലിൽ കഴിയവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ പാലം കോളനി മേഖലയിൽ നടന്ന കലാപത്തിനിടെ അഞ്ച് സിഖ് വംശജർ കൊല്ലപ്പെട്ട കേസിലാണ് 2018 ഡിസംബർ 17-ന് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. തുടർന്ന് അദ്ദേഹം തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. അതേസമയം, സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ കഴിഞ്ഞ ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
