കേരളത്തിലെ ആവേശം പതിന്മടങ്ങ്; ഇനി വണക്കം തമിഴ്നാട് ! ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ് റിലീസ് തിയതി

കൊച്ചി: തിയറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന നിവിൻ പോളി-ഗിരീഷ് എ.ഡി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ്നാട്ടിലേക്കും. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ 4-ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
മമിത ബൈജു നായികയായ ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ തിയറ്ററുകളിൽ മികച്ച കളക്ഷനാണ് നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 76.40 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. വരും ദിവസങ്ങളിലെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ചിത്രം വൈകാതെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ. നിവിൻ പോളിയുടെ ‘പ്രേമ’വും മമിതയുടെ ‘പ്രേമലു’വും ഇരുകൈയും നീട്ടി സ്വീകരിച്ച തമിഴ്, തെലുങ്ക് പ്രേക്ഷകർ ഈ ചിത്രവും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ആറാമത്തെ ചിത്രമാണിത്. ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ സാബു ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ആകാശ് ജോസഫ് വർഗ്ഗീസാണ് എഡിറ്റർ. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
