കെഎസ്ആർടിസിയിൽ ഇനി എഐ വാട്സ്ആപ്പ് ടിക്കറ്റിങ്; പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്രക്കാർക്കായി എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നു. ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. പുതിയ സംവിധാനത്തിലൂടെ പ്രത്യേക ആപ്പുകളുടെയോ രജിസ്ട്രേഷന്റെയോ സഹായമില്ലാതെ വാട്സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. കെഎസ്ആർടിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ 9447071021-ലേക്ക് സന്ദേശം അയച്ചാൽ യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് തിരഞ്ഞെടുക്കൽ, ഓൺലൈൻ പേയ്മെന്റ് എന്നിവയുൾപ്പെടെയുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കാം. ബുക്കിങ് പൂർത്തിയാകുന്നതോടെ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ഇതേ ചാറ്റിൽ ലഭ്യമാകും. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറും നവീകരിച്ച കൊറിയർ സർവീസും മന്ത്രി ഉദ്ഘാടനം ചെയ്തു.
