ഇനി ഡീസലിലും വിമാന ഇന്ധനത്തിലും എഥനോൾ കലർത്തും, ഇ50 പെട്രോളും വരുമെന്ന് കെജ്രിവാൾ; തെറ്റായ വിവരങ്ങളെന്ന് ബിജെപി നേതാവ് അമിത് മാളവ്യ; വാക്പോര്

ന്യൂഡൽഹി: എഥനോൾ മിശ്രിത പെട്രോളിനെച്ചൊല്ലി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും തമ്മിൽ രൂക്ഷമായ വാക്പോര്. കേന്ദ്രസർക്കാർ നടപ്പാക്കിയ ഇ20 പെട്രോളിനെതിരെ ആംആദ്മി പാർട്ടി വിപുലമായ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് ഇരുനേതാക്കളും സാമൂഹികമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയത്. ഇ20 പെട്രോളിന് ശേഷം ഡീസലിലും വിമാന ഇന്ധനത്തിലും എഥനോൾ കലർത്താൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്നും വൈകാതെ ഇ50 പെട്രോൾ വരുമെന്നും ആരോപിച്ച കെജ്രിവാൾ, പുതിയ വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ, കെജ്രിവാളിന്റേത് ജനങ്ങളെ പരിഭ്രാന്തരാക്കാനുള്ള വ്യാജ പ്രചാരണമാണെന്നും 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്താൻ തീരുമാനിച്ചിട്ടില്ലെന്നും അമിത് മാളവ്യ മറുപടി നൽകി.
