തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ വൻ തീപിടിത്തം, വൈദ്യുതി ഇല്ലാഞ്ഞതിനാൽ തീയക്കാൻ വൈകി; 25 ലക്ഷം രൂപയുടെ നഷ്ടം

തൃശൂർ: തളിക്കുളത്ത് ദേശീയപാതയോടു ചേർന്ന് പ്രവർത്തിക്കുന്ന ഓയിൽ ആൻഡ് ഫ്ലോർ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടം. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വെള്ളം പമ്പ് ചെയ്യാനാകാതെ വന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.
ഇടശ്ശേരിക്കും പത്താംകല്ലിനും മധ്യേ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപത്തുള്ള മില്ലിലാണ് അപകടമുണ്ടായത്. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, പാക്ക് ചെയ്തു വെച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രസാമഗ്രികൾ എന്നിവ പൂർണമായി കത്തിനശിച്ചു.
അടഞ്ഞു കിടന്ന സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് ഉടമയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ചുകൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാനായില്ല. തുടർന്ന് ടാപ്പിൽ നിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തടയാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇതിനിടയിൽ സ്ഥാപനത്തിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി.
വിവരമറിഞ്ഞ് നാട്ടികയിൽ നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റെത്തി വെള്ളം പമ്പ് ചെയ്ത് രാവിലെ എട്ടേകാലോടെ തീ പൂർണ്ണമായി അണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
നാട്ടിക ഫയർ സ്റ്റേഷൻ എസ്.എഫ്.ആർ.ഒ കൃഷ്ണരാജ്, എഫ്.ആർ.ഒമാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജൂ, ഡ്രൈവർമാരായ അരുൺ, അജോ, ഹോം ഗാർഡുമാരായ സുനിൽ, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
