‘ഓണസമ്മാനമായി മൂവാറ്റുപുഴ ജില്ല വേണം’; പലിശ സഹിതം വീട്ടും എന്ന് മുഖ്യമന്ത്രിയുടെ മറുപടി:

മൂവാറ്റുപുഴ: ദീർഘകാല ആവശ്യമായ മൂവാറ്റുപുഴ ജില്ല രൂപീകരണം സർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴക്കാരുടെ നഷ്ടങ്ങളും വിഷമങ്ങളും പരിഹരിക്കുമെന്നും എല്ലാ കാര്യങ്ങളും പലിശ സഹിതം വീട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ ജില്ലകൾ പഠിക്കാൻ ഉടൻ തന്നെ ഡീലിമിറ്റേഷൻ കമീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവേദികളിൽ ഇത്തരമൊരു വിഷയം സാധാരണ പരാമർശിക്കാതിരുന്ന പ്രാദേശിക ജനപ്രതിനിധികൾ, മുഖ്യമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മൂവാറ്റുപുഴ സന്ദർശനത്തിൽ പരസ്യമായി തന്നെ വിഷയം മുന്നോട്ടുവെക്കുകയായിരുന്നു. മൂവാറ്റുപുഴക്കാർക്ക് ഇത്തവണത്തെ ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എ വേദിയിൽ വെച്ച് ആവശ്യമുന്നയിച്ചത്.
“വിഷുവിനോ ഓണത്തിനോ ക്രിസ്മസിനോ ഒന്നും മൂവാറ്റുപുഴയ്ക്ക് പ്രത്യേകിച്ചൊന്നും ലഭിച്ചിരുന്നില്ല. മൂവാറ്റുപുഴയോട് പ്രത്യേക കരുതലും പരിഗണനയും സർക്കാർ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് പുതിയൊരു ജില്ല പ്രഖ്യാപിക്കുകയാണെങ്കിൽ അത് ആദ്യമായി മൂവാറ്റുപുഴ ആകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം” -എം.എൽ.എ പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും സംസ്ഥാനത്ത് അടുത്തതായി പുതിയൊരു ജില്ല വരുമ്പോൾ അത് മൂവാറ്റുപുഴയായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു മുഖ്യമന്ത്രി പൊതുവേദിയിലെത്തി ജില്ല രൂപീകരണത്തിൽ വ്യക്തമായ ഉറപ്പുനൽകിയത് കിഴക്കൻ മേഖലയിലെ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയിരിക്കുന്നത്.
