വാക്കുകള്‍ കൊണ്ടല്ല, പ്രകടനം കൊണ്ടാണ് പ്രതികരിക്കേണ്ടത്, ജയ്സ്വാളിന്റെ പെരുമാറ്റത്തെക്കുറിച്ച് പൂജാര

കൊളംബോ: വാക്കുകൾ കൊണ്ടോ ശരീരഭാഷ കൊണ്ടോ അല്ല, പ്രകടനം കൊണ്ടാണ് ഗ്രൗണ്ടിൽ പ്രതികരിക്കേണ്ടതെന്ന് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഓർമ്മിപ്പിച്ച് മുൻ താരം ചേതേശ്വർ പുജാര. കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി കോർത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണയായി ഇത്തരം വിവാദങ്ങളിൽപ്പെടാത്ത കളിക്കാരനാണ് ജയ്സ്വാളെന്നും വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ താരത്തിന് വിലക്ക് നേരിടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും പുജാര പറഞ്ഞു. എന്നാൽ നടപടിയുണ്ടായാൽ അത് അവൻ പാഠമാക്കട്ടെ. പരിശീലകരും ടീം മാനേജ്മെന്റും ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കളിക്കാരോട് വ്യക്തമാക്കണമെന്നും സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംസാരിക്കവെ പുജാര കൂട്ടിച്ചേർത്തു.
മത്സരത്തിൽ 52 പന്തിൽ 45 റൺസെടുത്ത് നിൽക്കെ ഫെർണാണ്ടോയുടെ പന്തിൽ ബൗൾഡായ ജയ്സ്വാൾ, ബൗളറുടെ പ്രകോപനപരമായ യാത്രയയപ്പിൽ ക്രുദ്ധനാവുകയായിരുന്നു. തിരിഞ്ഞുനടന്ന് ബൗളറുമായി തർക്കിച്ച താരം തലകൊണ്ട് തള്ളുകയും ചെയ്തു.
പരമ്പരയിൽ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറുകൾ നേടാനാകാത്തതിന്റെ നിരാശയാണ് ജയ്സ്വാളിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുൻ താരം ഡബ്ല്യു.വി. രാമൻ വിലയിരുത്തി. അതേസമയം, ഇതൊരു ഫുട്ബോൾ മത്സരമല്ലെന്നും ക്രിക്കറ്റിൽ ശാരീരികമായ ഏറ്റുമുട്ടലുകൾക്ക് സ്ഥാനമില്ലെന്നും മുൻ വിക്കറ്റ് കീപ്പർ സാബ കരീം വ്യക്തമാക്കി. സംഭവത്തിൽ മാച്ച് റഫറി ഇരു താരങ്ങൾക്കുമെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.
