ഒരു മാസം മുൻപ് വിവാഹം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, തൊട്ടടുത്ത് കിടന്ന ഭാര്യ ഒന്നും അറിഞ്ഞില്ല, ദുരൂഹതയെന്ന് കുടുംബം

ഉത്തർപ്രദേശിലെ ബറേലിയിൽ നവവരനെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നവാഡിയ സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ ഫൈസാൻ (28) ആണ് മരിച്ചത്. സിബി ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് സംഭവം.
പ്രണയത്തിലായിരുന്ന ഫൈസാന്റെ വിവാഹം ഒരു മാസം മുൻപാണ് നടന്നത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് ദമ്പതികൾ ഒരുമിച്ച് ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നപ്പോൾ ഫൈസാനെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭാര്യ പൊലീസിന് നൽകിയ മൊഴി. തുടർന്ന് യുവതി തന്നെയാണ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.
വിവാഹത്തോട് ഫൈസാന്റെ കുടുംബത്തിന് താൽപ്പര്യമില്ലായിരുന്നുവെന്നും, വീട്ടുകാരുമായുള്ള അകൽച്ച മൂലം ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.
എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഫൈസാന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഫൈസാന്റെ തലയിൽ രക്തക്കറയുണ്ടായിരുന്നതായും ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
