എൽ നിനോ 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ഗണ്യമായി വഷളാക്കുമെന്നും, അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കുമെന്നും ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ‘ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ്’ തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം, സമുദ്രോപരിതല താപനില 1982-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായതിനാൽ ഇത് 1950-ന് ശേഷമുള്ള ഏറ്റവും ശക്തമായ എൽ നിനോ പ്രതിഭാസമായി മാറിയേക്കാം. 2026 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുന്ന എൽ നിനോ, ഭാവിയിലെ വിളവെടുപ്പിനെ നേരിട്ട് ബാധിക്കുന്നതിനാൽ 2027-ൽ കടുത്ത ദുരിതങ്ങൾക്കാണ് വഴിയൊരുക്കുക. വരൾച്ചയും വെള്ളപ്പൊക്കവും ക്രമരഹിതമായ മഴയും കാർഷിക ഉൽപ്പാദനത്തെ തകിടംമറിക്കുമ്പോൾ, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ ആഗോള എണ്ണം 22.5 കോടിയിൽ നിന്ന് 27.4 കോടിയായി ഉയരുമെന്നും, ഇതിൽ മധ്യ അമേരിക്കയിൽ 83 ശതമാനത്തിന്റെയും തെക്കൻ ആഫ്രിക്കയിൽ 75 ശതമാനത്തിന്റെയും വർധനവുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, അമേരിക്കയും യൂറോപ്പും യു.എൻ.-നുള്ള ധനസഹായം വെട്ടിക്കുറച്ചതും പശ്ചിമേഷ്യൻ സംഘർഷങ്ങളും ഭക്ഷ്യവസ്തുക്കളുടെ വിലവർധനവും ദുർബല വിഭാഗങ്ങളുടെ ഭക്ഷ്യലഭ്യതയെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, ഈ വലിയ പട്ടിണി ദുരന്തം ഒഴിവാക്കാൻ രാജ്യങ്ങൾ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നു.
