ദുർഗന്ധം…കിനിഞ്ഞിറങ്ങുന്ന രക്തം; തമിഴ്നാട് എക്സ്പ്രസിൽ ട്രോളിബാഗിൽ മനുഷ്യ ശരീരഭാഗങ്ങൾ!

ആഗ്ര: ചെന്നൈ-ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ നിന്ന് അഴുകിയ നിലയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. ചുവന്ന ട്രോളി ബാഗിലാക്കിയ നിലയിലായിരുന്നു അവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
ട്രെയിനിന്റെ ജനറൽ കോച്ചിന്റെ പിൻഭാഗത്തായി ആളൊഴിഞ്ഞ ട്രോളി ബാഗ് കിടക്കുന്നുണ്ടെന്നും, അതിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതായും കടുത്ത ദുർഗന്ധം വമിക്കുന്നതായും കാണിച്ച് പേര് വെളിപ്പെടുത്താത്ത വ്യക്തി റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരം ലഭിക്കുമ്പോഴേക്കും ട്രെയിൻ ഗ്വാളിയർ സ്റ്റേഷൻ വിട്ട് ആഗ്രയിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥരെ പൂർണ്ണ സജ്ജരാക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ 5 മണിയോടെ തമിഴ്നാട് എക്സ്പ്രസ് ആഗ്ര കാന്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ജനറൽ കോച്ചിൽ പരിശോധന നടത്തി ബാഗ് പുറത്തെടുത്തു.
“ബാഗ് തുറന്നപ്പോൾ അഴുകിയ നിലയിലുള്ള മനുഷ്യന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ഒരു കാലും അടിവയറിന്റെ ഭാഗമെന്ന് കരുതുന്ന അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ‘ചെന്നൈ’ എന്ന് രേഖപ്പെടുത്തിയ പോളിത്തീൻ ഷീറ്റിലാണ് അവശിഷ്ടങ്ങൾ പൊതിഞ്ഞിരുന്നത്.” — രാജീവ് ദീക്ഷിത്, ജിആർപി സർക്കിൾ ഓഫീസർ
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായും, ഇരയെ തിരിച്ചറിയുന്നതിനും ശരീരഭാഗങ്ങൾ ട്രെയിനിൽ എത്തിയ വഴി കണ്ടെത്താനുമായി ചെന്നൈയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയച്ചതായും പോലീസ് വ്യക്തമാക്കി.
