സഞ്ചാരികളെ ആകർഷിക്കാൻ ചൈന; വീസ രഹിത പ്രവേശനവും ഡിജിറ്റൽ സേവനങ്ങളും വിപുലീകരിക്കുന്നു

ബീജിങ്: വിനോദസഞ്ചാരികളെയും ബിസിനസ്സ് യാത്രക്കാരെയും കൂടുതൽ ആകർഷിക്കുന്നതിനായി പ്രവേശന ചട്ടങ്ങളിൽ വൻ ഇളവുകളുമായി ചൈന. വീസാ രഹിത പ്രവേശനത്തിന് പുറമെ, അതിർത്തികളിലെ ഡിജിറ്റൽ സേവനങ്ങൾ ശക്തമാക്കാനും രാജ്യം പദ്ധതിയിടുന്നു. വീസ, റെസിഡൻസ് പെർമിറ്റ്, മറ്റു പ്രവേശന അനുമതികൾ എന്നിവയ്ക്കുള്ള അപേക്ഷ നടപടികൾ ഇനിമുതൽ പൂർണ്ണമായും ഇന്റർനെറ്റ് വഴി വേഗത്തിൽ പൂർത്തിയാക്കാം.
വിദേശ സഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതിനായി കഴിഞ്ഞ കുറച്ചുനാളുകളായി ചൈന നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനങ്ങൾ. നിലവിൽ 50 രാജ്യങ്ങളിലെ പൗരന്മാർക്ക് വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാം. കൂടാതെ, 55 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രധാനപ്പെട്ട 65 പോർട്ടുകൾ വഴി 10 ദിവസം വരെ വീസയില്ലാതെ യാത്ര ചെയ്യാനും അനുമതിയുണ്ട്.
നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ തലസ്ഥാനമായ ബീജിങ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വിദേശികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാരത്തിനും ബിസിനസ്സ്, പഠന ആവശ്യങ്ങൾക്കുമായി നിരവധി ആളുകളാണ് ദിനംപ്രതി എത്തുന്നത്.
2026-ന്റെ ആദ്യ പകുതിയിൽ മാത്രം ഏകദേശം 2.3 കോടി വിദേശികളാണ് ചൈന സന്ദർശിച്ചത്. നാഷണൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 20.4 ശതമാനത്തിന്റെ വർധനവാണിത്.
ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സ്, ടൂറിസ്റ്റ് യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബീജിങ്, സിയാൻ, ചെങ്ദു, ചോങ്ചിങ്, ഗുവാങ്ഷു, ഷെൻഷെൻ എന്നീ നഗരങ്ങളിലേക്കാണ് മലയാളികൾ അടക്കമുള്ള ഇന്ത്യൻ സഞ്ചാരികൾ പ്രധാനമായും എത്തുന്നത്.
ട്രാൻസിറ്റ്, വീസ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായി. കുടുംബ വേരുകൾ തേടി സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്. കൂടാതെ ദക്ഷിണ കൊറിയ, റഷ്യ, അമേരിക്ക, ജപ്പാൻ, മംഗോളിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ സഞ്ചാരികൾ എത്തുന്നതായി അധികൃതർ വ്യക്തമാക്കി.
