24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

അർജുന്റെ ഇരട്ടപ്രഹരം; കൊമ്പൻസിന് നിർണായക ജയം

S
Samanyu k •
WhatsApp Facebook X
അർജുന്റെ ഇരട്ടപ്രഹരം; കൊമ്പൻസിന് നിർണായക ജയം
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: അവസാന ഹോം മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനൽ സാധ്യത സജീവമാക്കി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊമ്പൻസിനായി അർജുൻ രണ്ടും ശ്രീരാജ് ഒരു ഗോളും നേടി. നിധിൻ മധു, പൗളോ ഹെൻറിക് എന്നിവരുടെ ബൂട്ടിൽ നിന്നാണ് കൊച്ചിയുടെ ഗോളുകൾ. എട്ട് കളികളിൽ 13 പോയന്റുമായി കൊച്ചി രണ്ടാം സ്ഥാനത്തും 11 പോയന്റുമായി കൊമ്പൻസ് നാലാം സ്ഥാനത്തും തുടരുന്നു.

പുതിയ സൈനിങ് ബെൽഫോർട്ടിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി ഇറങ്ങിയ കൊമ്പൻസിന്, കൊച്ചി പ്രതിരോധത്തെ മറികടന്ന് ഭീഷണി സൃഷ്ടിക്കാൻ മത്സരത്തിന്റെ തുടക്കത്തിൽ കഴിഞ്ഞില്ല. കൊച്ചിയുടെ ആക്രമണങ്ങളുടെ ചാലകശക്തിയായ രാഹുൽ രാജുവിനെ ഏത് വിധേനയും പൂട്ടുക എന്നതായിരുന്നു കൊമ്പൻസിന്റെ പ്രധാന ടാക്ടിക്കൽ പ്ലാൻ. രാഹുലിന്റെ നീക്കങ്ങൾ നിയന്ത്രിച്ച് കൊച്ചിയുടെ മുന്നേറ്റങ്ങളുടെ താളം തെറ്റിക്കാനായിരുന്നു ശ്രമം.

22-ാം മിനിറ്റിൽ കൊച്ചി ലീഡ് നേടി. ഇടതുവിങ്ങിലൂടെ വേഗത്തിൽ കുതിച്ചുകയറിയ ഹർഷൽ റഹ്‌മാൻ സെക്കൻഡ് പോസ്റ്റിലേക്ക് നൽകിയ ക്രോസ് നിധിൻ മധു ഹെഡ് ചെയ്തു. നിലത്തുകുത്തി ഉയർന്ന പന്ത് ക്ലിയർ ചെയ്യാനുള്ള കൊമ്പൻസ് ഡിഫൻഡർ ഷാനുവിന്റെ ശ്രമം പിഴച്ചു. പന്ത് തലയിൽ തട്ടി വലയിൽ കയറി (1–0).

34-ാം മിനിറ്റിൽ കൊമ്പൻസ് സമനില പിടിച്ചു. അർജുൻ എടുത്ത ഫ്രീകിക്ക് കൊച്ചി ഗോൾകീപ്പർ ദേബ്ജിത് മജുംദാർ തടുത്തെങ്കിലും റീബൗണ്ട് ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധത്തിന് പിഴച്ചു. വീണുകിട്ടിയ പന്തിലേക്ക് കൃത്യസമയത്ത് ഓടിയെത്തിയ ശ്രീരാജ്, അവസരം പാഴാക്കാതെ പോസ്റ്റിലേക്ക് പ്ലേസ് ചെയ്തു (1–1).

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് മുഹമ്മദ്‌ നിഷാം, ഗോകുൽ എന്നിവരെ പകരക്കാരായി കൊണ്ടുവന്നു. 62-ാം മിനിറ്റിൽ എലിട്ടൺ ജൂനിയറിന്റെ 30 വാര അകലെ നിന്നുള്ള കനത്ത ഷോട്ട് കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. 65-ാം മിനിറ്റിൽ കൊമ്പൻസിന്റെ ഗോൾ. ജാവോ പരഡേസിന്റെ പാസ് സ്വീകരിച്ച അർജുൻ പിഴവില്ലാതെ ഫിനിഷ് ചെയ്തു (2-1). അവസാന മിനിറ്റുകളിൽ നിരന്തരം ആക്രമണം നയിച്ച കൊച്ചിയുടെ ഗോൾ ശ്രമങ്ങൾ കൊമ്പൻസ് ഗോൾകീപ്പർ സപം സിംഗ് മികച്ച പ്രകടനത്തോടെ പ്രതിരോധിക്കുന്നതിനിടെ 90-ാം മിനിറ്റിൽ പരഡേസിന്റെ പാസിൽ അർജുൻ വീണ്ടും സ്കോർ ചെയ്തു (3-1). തൊട്ടടുത്ത മിനിറ്റിൽ പൗളോ ഹെൻറിക് കൊച്ചിക്കായി ഒരു ഗോൾ മടക്കി (3-2).

എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (നവംബർ 14) തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ നാല് ഗോളുകൾക്ക്‌ മലപ്പുറം വിജയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ