ന്യൂഡല്‍ഹി: ഇന്ത്യന്‍ കലയ്ക്കും സംസ്കാരത്തിനും ചരിത്രപരമായ നേട്ടം സമ്മാനിച്ചുകൊണ്ട്, 2026-ലെ 61-ാമത് അന്താരാഷ്ട്ര കലാപ്രദര്‍ശനമായ വെനീസ് ബിനാലെയില്‍ ഏറ്റവും മികച്ച ദേശീയ പവലിയനുള്ള 'വിസിറ്റേഴ്സ് ലയണ്‍' പുരസ്കാരം ഇന്ത്യ സ്വന്തമാക്കി.
ലോകമെമ്പാടുമുള്ള സന്ദര്‍ശകരുടെ വോട്ടുകളിലൂടെ ലഭിച്ച ഈ അസാധാരണ അംഗീകാരം ഇന്ത്യയുടെ സര്‍ഗ്ഗാത്മക മികവിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആഘോഷമാണ്.
ബിനാലെ നടക്കുന്ന കാലയളവില്‍ ഏകദേശം 4.5 ലക്ഷത്തോളം സന്ദര്‍ശകരാണ് ഇന്ത്യന്‍ പവലിയനില്‍ എത്തിയത്. ഇതോടെ ഈ പതിപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ദേശീയ പവലിയനുകളില്‍ ഒന്നായി ഇന്ത്യ മാറി. കേന്ദ്ര സാംസ്കാരിക മന്ത്രാലയം, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, സെറന്‍ഡിപിറ്റി ആര്‍ട്സ് ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ ഇന്ത്യന്‍ ദേശീയ പവലിയന് ക്യൂറേറ്റ് ചെയ്തത് ഡോ. അമിന്‍ ജാഫറാണ്. ആല്‍വാര്‍ ബാലസുബ്രഹ്മണ്യം, രഞ്ജനി ഷെട്ടാര്‍, സുമാക്ഷി സിംഗ്, സ്കര്മ്മ സോനം താഷി, അസിം വാഖിഫ് എന്നിവരുടെ ശ്രദ്ധേയമായ കലാസൃഷ്ടികളാണ് പവലിയനില്‍ പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളെ ലോകത്തിന് മുന്നിലെത്തിക്കുക എന്ന നിത എം. അംബാനിയുടെ സ്വപ്നമായിരുന്നു സത്യമായത്. രാജ്യത്തിന്റെ സമകാലിക കലയ്ക്കും സാംസ്കാരിക പൈതൃകത്തിനും ആഗോളതലത്തില്‍ ലഭിച്ച സുപ്രധാന അംഗീകാരമാണിത്. വെനീസ് ബിനാലെ അധികൃതര്‍ പ്രഖ്യാപിച്ച ഈ പുരസ്കാരം പൊതുജനങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് നിര്‍ണ്ണയിച്ചത്. സന്ദര്‍ശകര്‍ തങ്ങളുടെ പ്രിയപ്പെട്ട പവലിയനായി ഇന്ത്യന്‍ ദേശീയ പവലിയനെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഈ പ്രശസ്തമായ അന്താരാഷ്ട്ര കലാപ്രദര്‍ശനത്തിലേക്ക് തിരിച്ചെത്തിയത് എന്നതും ശ്രദ്ധേയമാണ്.
കലയിലൂടെ 'വീട്' എന്ന ആശയത്തെ തേടുമ്പോള്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം, നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ , സെറന്‍ഡിപിറ്റി ആര്‍ട്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ ഇന്ത്യന്‍ പവലിയന് 'ജ്യോഗ്രഫീസ് ഓഫ് ഡിസ്റ്റന്‍സ്: റിമെമ്പറിംഗ് ഹോം' എന്നാണ് പേര് നല്‍കിയിരുന്നത്. 'വീട്' എന്നത് കേവലം ഒരു ഭൗതിക ഇടം എന്നതിലുപരി ഓര്‍മ്മകള്‍, വസ്തുക്കള്‍, ആചാരങ്ങള്‍, വ്യക്തിപരമായ ചരിത്രങ്ങള്‍ എന്നിവയാല്‍ രൂപപ്പെടുന്ന ഒരു അനുഭവമാണെന്ന് പ്രദര്‍ശനം അടയാളപ്പെടുത്തി.
ആര്സെനാലെ ഡി വെനീസിയയിലെ ചരിത്രപ്രസിദ്ധമായ ഐസൊലോട്ടോ വേദിയില്‍ 2026 മെയ് 6-ന് കേന്ദ്ര സാംസ്കാരിക മന്ത്രിയാണ് പവലിയന് ഉദ്ഘാടനം ചെയ്തത്. ബിനാലെയുടെ പ്രധാന പ്രമേയമായ 'ഇന്‍ മൈനര്‍ കീസ്' എന്ന ആശയത്തോട് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലാരീതികളിലൂടെയും പ്രാദേശിക പാരമ്പര്യങ്ങളിലൂടെയുമാണ് പവലിയന് സംവദിച്ചത്. ഓര്‍മ്മ, സ്വത്വം, പരിസ്ഥിതി, ആത്മബന്ധം എന്നീ പ്രമേയങ്ങള്‍ ആസ്പദമാക്കി അഞ്ച് കലാകാരന്മാരാണ് സൃഷ്ടികള്‍ അവതരിപ്പിച്ചത്. ആല്‍വാര്‍ ബാലസുബ്രഹ്മണ്യം ഗ്രാമീണ തമിഴ്നാട്ടില്‍ നിന്നുള്ള കളിമണ്ണും മണ്ണും ഉപയോഗിച്ച് 'നോട്ട് ജസ്റ്റ് ഫോര്‍ അസ്' എന്ന സൃഷ്ടി അവതരിപ്പിച്ചു. പ്രകൃതിദത്ത രൂപങ്ങളില്‍ നിന്നും പരമ്പരാഗത കരകൗശല വിദ്യകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 'അണ്ടര്‍ ദി സെയിം സ്കൈ' എന്ന ഇന്സ്റ്റാളേഷന് രഞ്ജനി ഷെട്ടാര്‍ ഒരുക്കി.
ന്യൂഡല്‍ഹിയില്‍ പൊളിച്ചുമാറ്റപ്പെട്ട തന്റെ കുടുംബവീടിനെ എംബ്രോയ്ഡറി നൂലുകളിലൂടെ പുനഃസൃഷ്ടിച്ച 'പെര്‍മനന്റ് അഡ്രസ്സ്' സുമാക്ഷി സിംഗ് അവതരിപ്പിച്ചു. ലഡാക്കിന്റെ പരമ്പരാഗത വാസ്തുവിദ്യയെയും പാരിസ്ഥിതിക ഭൂപ്രകൃതിയെയും പര്യവേക്ഷണം ചെയ്യുന്ന 'എക്കോസ് ഓഫ് ഹോം' അവതരിപ്പിച്ചു സ്കര്മ്മ സോനം താഷി ശ്രദ്ധനേടി. നഗരവല്‍ക്കരണത്തെയും പ്രാദേശിക നിര്‍മ്മാണ രീതികളെയും മുള ഉപയോഗിച്ച് പരിശോധിക്കുന്ന 'ചാല്' എന്ന സൃഷ്ടി പ്രദര്‍ശിപ്പിച്ചത് അസിം വാഖിഫ് ആയിരുന്നു. 2026 മെയ് മുതല്‍ നവംബര്‍ വരെ വെനീസിലുടനീളം സംഗീതം, നൃത്തം, കഥപറച്ചില്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി സെറന്‍ഡിപിറ്റി ആര്‍ട്സ് ക്യൂറേറ്റ് ചെയ്ത വിപുലമായ കലാപരിപാടികളും പവലിയന്റെ ഭാഗമായി നടന്നു.
ഈ നേട്ടം രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വിശേഷിപ്പിച്ചു. സമകാലിക ഇന്ത്യന്‍ കലാകാരന്മാരുടെ വളരുന്ന അന്താരാഷ്ട്ര സാന്നിധ്യത്തെയും, രാജ്യത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ക്ക് ആധുനിക ശൈലിയിലൂടെ ആവിഷ്കാരം കണ്ടെത്താനുള്ള കഴിവിനെയുമാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക സെക്രട്ടറി വിവേക് അഗര്‍വാളും ഈ നേട്ടത്തെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ നാഗരിക പൈതൃകത്തിലും പാരമ്പര്യത്തിലും വേരൂന്നിയ സമകാലിക കലാവിഷ്കാരങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള ആസ്വാദകരുടെ മനസ്സില്‍ ഇടംനേടാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.