കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനായി. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് നടപടി.
കേസിലെ രണ്ടും മൂന്നും പ്രതികൾക്കൊപ്പം സുഹൈലിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവയ്ക്കാൻ കോടതി നിർദേശിച്ചിരുന്നു. ഒക്ടോബർ 11ന് അറസ്റ്റിലായ സുഹൈൽ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റൽ സ്കൂളിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്.
ഒക്ടോബർ 11ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അപകടമുണ്ടായത്. സുഹൈൽ ഓടിച്ച മിനികൂപ്പർ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്. സംഭവത്തിൽ സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിനായി പ്രതികൾ ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയും തുടർന്ന് എറണാകുളം സെഷൻസ് കോടതിയെയും സമീപിച്ചെങ്കിലും അപേക്ഷകൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.