തെലങ്കാനയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ഉച്ചകോടിക്കിടെ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് 'വോട്ടുകള്ളൻ, കസേര വിട്ടുപോവുക' എന്ന് മുദ്രാവാക്യം വിളിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കോൺഗ്രസ് വേദിയിൽ ഒരു വിദേശ നേതാവ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അനുവാദം നൽകിയതിനെതിരെ ഭാരതീയ ജനതാ പാർട്ടിയും ഭാരത് രാഷ്ട്ര സമിതിയും കടുത്ത വിമർശനവുമായി രംഗത്തെത്തി.
യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലായ ഫിലിബെക്ക്, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഈ പരാമർശം നടത്തിയത്. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനാ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഈ പരാമർശം. രാജ്യത്തിന്റെ ജാതിയെയും ജനാധിപത്യത്തെയും വിദേശ നേതാക്കൾ അപഹസിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നുവെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാംചന്ദർ റാവു എക്സിലൂടെ വിമർശിച്ചു. ഇത് രാജ്യദ്രോഹമാണോ എന്ന് ചോദിച്ച അദ്ദേഹം, രാഹുൽ ഗാന്ധി ഒരു ഇന്ത്യൻ നേതാവിനെപ്പോലെയാണോ പെരുമാറുന്നതെന്നും ചോദിച്ചു. വിദേശ യജമാനന്മാരുടെ നിയന്ത്രണത്തിലുള്ള പാവയെപ്പോലെയാണ് രാഹുൽ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫിലിബെക്കിന്റെ പരാമർശത്തെ ബി.ആർ.എസ് നേതാവും ദേശീയ മീഡിയ പാനലിസ്റ്റുമായ കാർത്തിക് ഇന്ദ്ര റെഡ്ഡി പാട്ലോളയും വിമർശിച്ചു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽ ഒരു വിദേശ രാഷ്ട്രീയക്കാരനെക്കൊണ്ട് എന്തിനാണ് സംസാരിപ്പിക്കുന്നതെന്നും, ഇത് ആസ്വദിച്ച് രാഹുൽ ഗാന്ധി ചിരിച്ചുനിൽക്കുകയായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഭാരത് ഉച്ചകോടിയിൽ സംസാരിക്കവെ, 'ഒരാൾക്ക് ഒരു വോട്ട്' എന്ന ജനാധിപത്യ തത്വത്തിനുവേണ്ടി രാഹുൽ ഗാന്ധി ഉയർത്തിയ ആശങ്കകളെ ഫിലിബെക്ക് പ്രശംസിച്ചിരുന്നു. ഡൽഹി രാംലീലാ മൈതാനത്ത് നടന്ന മാർച്ചുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. തുടർന്നാണ് അദ്ദേഹം 'വോട്ട് ചോർ, ഗഡ്ഡി ചോട്' എന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമായി മുദ്രാവാക്യം വിളിച്ചത്.
ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ വോട്ട് ചോരി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി
S
Samanyu k
•