മിന്നല്‍ മുരളി അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് മോളിവുഡ് യുവതാരനിരയിലെ ശ്രദ്ധേയനായ സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. അതിന് കോസ്മിക് സാംസണ് എന്ന് പേര്. സൂപ്പര്‍ഹീറോ എലമെന്റുകളോടു കൂടിയ ഫാന്റസി ആക്ഷന്‍ ചിത്രം എന്ന സൂചനയോടെ വലിയ പ്രേക്ഷകപ്രതീക്ഷകളുടെ മധ്യത്തിലേക്കാണ് അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം എത്തിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയുള്ള ചിത്രത്തില്‍ ഡി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.
ഒരു തിരക്കഥാകൃത്തായി മലയാള സിനിമയിലേക്ക് എന്‍ട്രി പ്രതീക്ഷിക്കുന്ന, അതിനായി കഷ്ടപ്പെടുന്ന ഒരു യുവാവ്. ഉപജീവനത്തിനായി ഫുഡ് ഡെലിവറി ജോലി. സിനിമയിലേക്ക് എത്താന്‍ കാര്യമായി അധ്വാനിക്കുന്നുണ്ടെങ്കിലും എപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്ന ഒരാള്‍. അങ്ങനെയൊരു ആളുടെ ജീവിതത്തിലേക്ക് പൊടുന്നനെ ഒരു ദിവസം ആ വിധിയെ മാറ്റിമറിക്കാനാവുന്ന ഒന്ന് എത്തിയാലോ? അവിശ്വസനീയമായ ഒന്ന് പ്രതീക്ഷിക്കാതെ എത്തുമ്പോള്‍ അത് ആ യുവാവിന്റെയും ഒപ്പമുള്ളവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. കോസ്മിക് സാംസണ് എന്ന സിനിമയുടെ പശ്ചാത്തലം ഇതാണ്. സാസണ് ആയി സ്ക്രീനില്‍ എത്തിയിരിക്കുന്നത് സന്ദീപ് പ്രദീപ്.
സാധാരണ ജീവിതം നയിക്കുന്ന, അണ്ടര്‍ഡോഗുകളായി പരിഗണിക്കപ്പെടുന്ന യുവാക്കള്‍ക്ക് ചില പ്രത്യേക കഴിവുകള്‍ കിട്ടുന്നതാണ് സൂപ്പര്‍ഹീറോ സിനിമകളുടെ മിക്കപ്പോഴുമുള്ള പശ്ചാത്തലം. എന്നാല്‍ അത് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് അതിലെ ആകര്‍ഷകത്വം. കാണികള്‍ക്ക് ഉടനീളം കൗതുകം ജനിപ്പിക്കുന്ന രീതിയില്‍ സാംസണിന്റെ ഈ വേറിട്ട സഞ്ചാരം അവതരിപ്പിക്കാന്‍ അഭിജിത്ത് ജോസഫിന് സാധിച്ചിട്ടുണ്ട്. നായകന്റെയും കുടുംബത്തിന്റെയും പശ്ചാത്തലം അത്രയും വിശ്വസനീയതയോടെ അവതരിപ്പിക്കുന്നതിനാല്‍ അവരോട് വൈകാരികമായ അടുപ്പം പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും സൃഷ്ടിക്കപ്പെടും. അതിന് മുകളിലേക്കാണ് ലഭിക്കുന്ന ചില സവിശേഷ കഴിവുകളാല്‍ സാസണിന്റെ വേറിട്ട സഞ്ചാരങ്ങള്‍.
കരിയറിന്റെ കൃത്യമായ സമയത്ത് സന്ദീപ് പ്രദീപിനെ തേടിയെത്തിയ മികച്ച അവസരമാണ് ചിത്രത്തിലെ സാംസണ് എന്ന കഥാപാത്രം. ഹീറോയിസത്തിന് ഹീറോയിസം. അഭിനയ സാധ്യതയ്ക്ക് അങ്ങനെ. കോമിക് മൊമെന്റുകള്‍ പോലും അഭിജിത്ത് ജോസഫ് തന്റെ നായക കഥാപാത്രത്തിന് നല്‍കിയിട്ടുണ്ട്. ഈ കംപ്ലീറ്റ് പാക്കേജ് കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് സന്ദീപ്. മലയാള സിനിമയുടെ ഭാവിയിലേക്ക് കസേര ഒന്നുകൂടി വലിച്ചിട്ടിരിക്കുന്നുമുണ്ട് ഈ ചിത്രത്തിലൂടെ സന്ദീപ്.
സാസണിന്റെ അച്ഛനായി മുകേഷ് എത്തുമ്പോള്‍ സഹോദരിയായി അഭിനയിച്ചിരിക്കുന്നത് മിയ ജോര്‍ജ് ആണ്. അനുരാജ് ഒ ബിയാണ് സുഹൃത്തിന്റെ വേഷത്തില്‍ എത്തിയിരിക്കുന്നത്. മുകേഷ്- സന്ദീപ് കോമ്പോ അടക്കം ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ വര്‍ക്ക് ആയിട്ടുണ്ട്. സൂപ്പര്‍ഹീറോ എലമെന്റ് കടന്നുവരുന്ന ഒരു ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യമുണ്ട്. നായകന്റെ എസ്റ്റാബ്ലിഷ്മെന്റിന് അത് ആവശ്യമാണ്. ഇവിടെ ഒരാളല്ല, ഒരു പവര്‍ഫുള്‍ ഗ്യാങ്ങിനെത്തന്നെ സംവിധായകന് സെറ്റ് ചെയ്തിട്ടുണ്ട്.
സാങ്കേതികമായി മികച്ച് നില്ക്കുന്ന ചിത്രം കൂടിയാണ് കോസ്മിക് സാംസണ്. യാഥാര്‍ഥ്യത്തിന്റേതായ പ്രതലത്തില്‍ നിന്ന് വേറിട്ട് സഞ്ചാരമുള്ള ഒരു ചിത്രത്തെ സംബന്ധിച്ച് ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ മികവ് ഒരു മസ്റ്റ് ആണുതാനും. ദീപക് ഡി മേനോന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഒരു ഫാന്റസി ആക്ഷന്‍ ചിത്രത്തിന് വേണ്ടുന്ന ചടുലതയോടെയും മിഴിവോടെയും ദീപക് ഫ്രെയ്മുകള് ഒരുക്കിയിട്ടുണ്ട്. സാസണിന്റെ സഞ്ചാരങ്ങളെ അത് വിഷ്വലി അത്രയും വിശ്വസനീയമാക്കുന്നുമുണ്ട്. ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റര്‍. കണ്ടിരിക്കെ ഒരിക്കല്‍ പോലും ലാഗ് തോന്നാത്ത തരത്തില്‍ ചിത്രത്തെ ടൈറ്റ് ആയി പാക്ക് ചെയ്തിട്ടുണ്ട് ചമന്‍. സിബി മാത്യു അലക്സിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ ആവശ്യമായ നിമിഷങ്ങളിലൊക്കെ എലിവേറ്റ് ചെയ്യുന്നുണ്ട്. ഒപ്പം ഓവറോള്‍ മൂഡ് സമ്മാനിക്കുകയും ചെയ്യുന്നു.
മലയാളത്തില്‍ പലതരം ജോണറുകളില്‍ വേറിട്ട ഉള്ളടക്കങ്ങളുമായി എത്താന്‍ സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ തയ്യാറാവുന്ന കാലമാണ് ഇത്. പ്രേക്ഷകര്‍ നല്കുന്ന സ്വീകാര്യതയാണ് അതിന് കാരണം. ഉള്ളടക്കത്തില്‍ വേറിട്ട് നില്ക്കുന്ന ചിത്രങ്ങളുടെ നിരയിലേക്ക് മോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് കോസ്മിക് സാംസണ്. സന്ദീപ് പ്രദീപിനെ സംബന്ധിച്ച് കരിയറില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചിത്രവും.