27 നവംബർ 2026, വെള്ളി
ഓൺലൈൻ എഡിഷൻ

ഏഷ്യാനെറ്റ് ന്യൂസ് അഗോറ ചർച്ചകൾക്ക് വർണാഭമായ തുടക്കം; രാഷ്ട്രീയം പറഞ്ഞ് രമേശ് ചെന്നിത്തല; 'ജനങ്ങളാണ് വലുത്, കോൺഗ്രസിൽ ​ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു'

അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാൽ അത് പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പൊതുവേദിയിൽ പറയാറില്ല.

N
Nikhil •
WhatsApp Facebook X
ഏഷ്യാനെറ്റ് ന്യൂസ് അഗോറ ചർച്ചകൾക്ക് വർണാഭമായ തുടക്കം; രാഷ്ട്രീയം പറഞ്ഞ് രമേശ് ചെന്നിത്തല; 'ജനങ്ങളാണ് വലുത്, കോൺഗ്രസിൽ ​ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു'
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന ആശയങ്ങളുടെ ഉത്സവം അഗോറയ്ക്ക് കനകക്കുന്നിൽ തുടക്കമായി. ചർച്ചാ വേദികൾ രാവിലെ 10 മണി മുതൽ സജീവമായി. അ​ഗോറയിൽ രാവിലെ 11 മണിക്ക് ആരംഭിച്ച സെഷനിൽ രാഷ്ട്രീയം പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ​ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്നും ഒന്നിച്ച് പോകേണ്ട സമയമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. എന്നാൽ അത് പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പൊതുവേദിയിൽ പറയാറില്ല. അഭിപ്രായ വ്യത്യാസങ്ങളേക്കാൾ വലുത് ജനങ്ങളാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ലഹരിക്കടിപ്പെട്ടവരെ കുറ്റവാളിയായി കാണുകയല്ല സർക്കാർ നയമെന്നും അവരെ ഇരകളായി കണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് സർക്കാർ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി സംഘങ്ങൾ പൊലീസിനെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. പൊലീസിനെതിരായ ആക്രമണങ്ങൾ ശക്തമായി തന്നെ നേരിടണം എന്നാണ് നിലപാട്. എന്നാൽ ലഹരിക്കടിപ്പെട്ട് അക്രമ സ്വഭാവം കാട്ടുന്നവരെ അനുനയത്തിലൂടെ കൈകാര്യം ചെയ്യണമെന്നാണ് താൻ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻഡിപിഎസ് നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഓപ്പറേഷൻ തൂഫാൻ. ലഹരി മുക്ത കേരളം. എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പിജി സുരേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു ചെന്നിത്തല.

മുഖ്യമന്ത്രിയുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അഭിപ്രായം ഉള്ളയിടത്ത് അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അതൊക്കെ സ്വാഭാവികമാണെന്ന് പറഞ്ഞ ചെന്നിത്തല മന്ത്രിസഭയിൽ ജൂനിയർ സീനിയർ എന്നൊന്നുമില്ലെന്നും പറഞ്ഞു. മന്ത്രിസഭയിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിയെ അധികാരത്തിൽ കൊണ്ടുവന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും വികാരം എല്ലാവരും മാനിക്കണം എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. താൻ സന്യാസിയല്ല, അധികാര മോഹം ഇല്ലാത്ത ആളുമല്ല. എന്നാൽ അധികാരത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ആറു തവണ ജയിപ്പിച്ച ഹരിപ്പാട്ടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് ഇത്തവണ മന്ത്രിയായത്.

പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. സതീശനുമായും വേണുഗോപാലുമായും അഭിപ്രായ വ്യത്യാസമുണ്ട്. എന്നു കരുതി പൊതുവേദിയിൽ അലക്കുന്നതല്ല എൻ്റെ ശൈലി. അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കാറുണ്ട്. ആയിരക്കണക്കിന് പ്രവർത്തകർ സിന്ദാബാദ് വിളിച്ചാണ് നമ്മളെ ജയിപ്പിച്ചതെന്ന് ഓർക്കണം. പ്രവർത്തകർക്ക് തല കുനിക്കേണ്ടി വരുന്ന ഒരു പ്രവൃത്തിയും രമേശ് ചെന്നിത്തലയുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിൽ‌ ഏഷ്യാനെറ്റ് ന്യൂസ് അ​ഗോറയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ബന്ധപ്പെട്ട വാർത്തകൾ