തിരുവനന്തപുരം: സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക്. നിലവിൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.
ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിർണ്ണായക ഇടപെടൽ. ഓൺലൈൻ വിൽപ്പനയ്ക്ക് ഉൾപ്പെടെ പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനും വിപുലമായ സംവിധാനം
സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ, മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിക്കും. പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിദഗ്ധർ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകൾ, പ്രമേഹം, ക്യാൻസർ എന്നിവയ്ക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. ഇതിനായി പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.