പത്തനംതിട്ട: ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. ഫോണെടുത്ത് മറുപടി പറയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴേത്തട്ടിലുള്ള ജീവനക്കാര്‍ വരെ നിര്‍ബന്ധമായും ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കണം. തിരക്ക് കാരണം ഫോണ്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് തിരിച്ചുവിളിച്ച് സംസാരിക്കണമെന്നും, ഈ വിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തുടനീളം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമാണ് ഉണ്ടാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങളോട് ഉത്തരവാദിത്തവും നീതിയും കാണിക്കാതെ ചില ജീവനക്കാര്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ അംഗീകരിക്കാനാകില്ല. സര്‍വീസ് യൂണിയനുകളുടെ സംരക്ഷണയിലാണ് ഇത്തരം പ്രവണതകള്‍ നടക്കുന്നതെങ്കില്‍ അതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.