പത്തനംതിട്ട: ആസ്തി വികസന ഫണ്ട് വിവാദത്തിൽ മുൻ മന്ത്രി വീണ ജോർജിന് മറുപടിയുമായി അബിൻ വർക്കി എംഎൽഎ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷം ഒരു രൂപ പോലും ആസ്തി വികസന ഫണ്ടിൽ നിന്ന് വീണ ജോർജ് ചെലവിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള രേഖ പുറത്ത് വിട്ടുകൊണ്ടായിരുന്നു അബിൻ വർക്കിയുടെ വാർത്താസമ്മേളനം. കോവിഡ് സമയത്ത് ഒന്നും ചെലവിട്ടില്ല. 25.25 കോടി കഴിഞ്ഞ അഞ്ച് കൊല്ലം ചെലവിട്ടില്ലെന്നും ഗുരുതരമായ കണ്ടെത്തൽ ആണിതെന്നും അബിൻ വർക്കി പറഞ്ഞു.
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മൂന്ന് കൊല്ലത്തെ പ്രപ്പോസൽ ഒന്നിച്ചു കൊടുക്കാൻ പ്രേത്യേക അനുമതി ധനവകുപ്പിൽ നിന്ന് വാങ്ങി. 5/03/26 ന് പ്രത്യേക അനുമതി വാങ്ങി എടുത്തു. പക്ഷേ തെരഞ്ഞെടുപ്പ് ആയതിനാൽ ഭരണാനുമതി ലഭിച്ചില്ല. പണി പൂർത്തിയാക്കാത്ത റോഡിന്റെ പേരാണ് ഇന്നലെ മുൻ മന്ത്രി ഫേസ്ബുക്കിൽ ഇട്ടത്. തുടങ്ങാത്ത റോഡിന്റെ പേരും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇലന്തൂർ ഓഡിറ്റോറിയം, വള്ളംകുളം സ്കൂൾ കെട്ടിടം എല്ലാം പണി പൂർണമായി തീർന്നിട്ടില്ല. കേരള ചരിത്രത്തിൽ ഇങ്ങനെ ഒരു ഫണ്ട് ദുർവിനിയോഗം ഉണ്ടായിട്ടില്ല. ഒരു ചെലവ് ആയി എന്ന് ആസ്തി വികസന ഫണ്ടിൽ എഴുതണമെങ്കിൽ പദ്ധതി പൂർത്തിയാക്കി കോംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുക്കണം. അങ്ങനെ ഒരു പദ്ധതി പോലും ആറന്മുള മണ്ഡലത്തിൽ ഇല്ല. വികസന വേലിയേറ്റം പറഞ്ഞ പദ്ധതികൾ എല്ലാം വഴിയിൽ കിടക്കുകയാണ്. അബാൻ മേൽപ്പാലം കയറാനും ഇറങ്ങാനും വഴിയില്ല. ഉദ്ഘാടനം ചെയ്ത ഇലന്തൂർ കോളേജിലേക്ക് വഴി പോലും ഇല്ല. കഴിഞ്ഞ അഞ്ച് കൊല്ലം നാഥനില്ല കളരി ആയിരുന്നു ആറന്മുള. വിവരാവകാശ രേഖക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുൻമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.