ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകദിനം. ഉഷ അടക്കമുള്ളവരുടെ നോമിനേഷനുകളും അതിനെതിരെ ഉയർന്ന പരാതികളും പരിശോധിച്ച ശേഷം വരണാധികാരി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായയുള്ള ഉഷയുടെ നോമിനേഷനെതിരെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്. ഐസ് ഹോക്കി ഫെഡറേഷനിലെ ഒരു വിഭാഗത്തിന്റെ പരാതിയും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം.
സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെ ആണ് കായിക സംഘടന പ്രതിനിധി എന്ന തരത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ എത്താൻ പി ടി ഉഷ അപ്രതീക്ഷിത നീക്കം നടത്തിയത്. നോമിനേഷനിൽ വരണാധികാരി എന്ത് തീരുമാനമെടുത്താലും അത് തുടർചലനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഉഷ നൽകിയ പരാതിക്ക് പിന്നാലെ ഐഒസി താക്കീത് നൽകിയിരുന്നു. ഒളിമ്പിക് ചാർട്ടർ പൂർണ്ണമായും പാലിച്ചുകൊണ്ടും, ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെയും, തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഐഒസി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെതിരെ ഉയർന്ന പരാതികളിൽ ഐഒസി നിരാശ രേഖപ്പെടുത്തി. ഡിസംബർ അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്.