കൃത്യമായി വിവരം ധരിപ്പിക്കുകയോ സമ്മതം വാങ്ങുകയോ ചെയ്യാതെ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ വ്യക്തിഗത ഗാലറിയിലുള്ള ഫോട്ടോകളും വീഡിയോകളും ആക്സസ് ചെയ്തതിന് മെറ്റാ പ്ലാറ്റ്ഫോംസിന് 8359 കോടി രൂപ( 805 ദശലക്ഷം യൂറോ /887 ദശലക്ഷം ഡോളർ ) പിഴയിട്ട് ഇറ്റലിയുടെ ഡാറ്റാ സംരക്ഷണ റെഗുലേറ്റർ.
ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെക്കാൻ സാധിക്കുന്ന ഫോൺ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും നിർദ്ദേശിക്കുന്ന ഒരു ഫീച്ചറുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച പ്രഖ്യാപിച്ച ഈ പിഴ. ഉപയോക്താക്കൾക്ക് മതിയായ വിവരങ്ങൾ നൽകാതെയും പ്രത്യേക അനുമതി തേടാതെയും മെറ്റാ ഈ വ്യക്തിഗത ഉള്ളടക്കങ്ങൾ ആക്സസ് ചെയ്തതായി ഇറ്റാലിയൻ അധികൃതർ കണ്ടെത്തി.
ഈ ഫീച്ചർ പ്രവർത്തന രഹിതമാക്കാനും, ഉപയോക്താക്കൾ സമ്മതം നൽകിയതിനു ശേഷം മാത്രം സജീവമാകുന്ന രീതിയിലും മാറ്റാൻ മെറ്റായ്ക്ക് റെഗുലേറ്റർ 60 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. റോയിട്ടേഴ്സിന്റെ കണക്കുകൂട്ടൽ പ്രകാരം, മെറ്റായുടെ ആഗോള വരുമാനത്തിന്റെ ഏകദേശം 0.47 ശതമാനമാണ് ഈ പിഴത്തുക.
ഫേസ്ബുക്കിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷനുള്ളിൽ തന്നെയുള്ള ഒരു ഫീച്ചറുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നമുണ്ടായതെന്ന് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ ഏജൻസി വ്യക്തമാക്കി. പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്നതിനായി ഉപയോക്താക്കളുടെ വ്യക്തിഗത ഫോട്ടോ, വീഡിയോ ഗാലറികളിൽ നിന്നുള്ള ഉള്ളടക്കം ഇത് നിർദേശിച്ചിരുന്നു. വ്യക്തിഗത ഉള്ളടക്കങ്ങൾ എങ്ങനെയാണ് ആക്സസ് ചെയ്യപ്പെടുന്നത് എന്നതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്നും, സമ്മതം നൽകാനുള്ള വ്യക്തമായ അവസരം നൽകിയില്ലെന്നും റെഗുലേറ്റർ കണ്ടെത്തി.
2025-ൽ ആരംഭിച്ച ഈ അന്വേഷണം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളും വീഡിയോകളും കമ്പനി കൈകാര്യം ചെയ്ത രീതിയെക്കുറിച്ചായിരുന്നു. കൃത്രിമ ബുദ്ധി (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ഈ മെറ്റീരിയലുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഈ അന്വേഷണം പരിശോധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ അത്തരം ആവശ്യങ്ങൾക്കായി ഉള്ളടക്കം ഉപയോഗിച്ചിട്ടില്ലെന്ന് മെറ്റാ പറഞ്ഞിട്ടുണ്ട്. എങ്കിലും, ഉപയോക്താക്കളുടെ ഗാലറിയിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങളിലൂടെ പ്രോസസ്സ് ചെയ്യാൻ അനുവദിക്കുന്ന 2026-ൽ അവതരിപ്പിച്ച മറ്റൊരു ഫീച്ചർ അവർ പ്രത്യേകം പരിശോധിച്ചേക്കാമെന്നും റെഗുലേറ്റർ അറിയിച്ചു.
വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മെറ്റായ്ക്ക് മേൽ വർദ്ധിച്ചുവരുന്ന നിയന്ത്രണങ്ങളും നിയമപരമായ സമ്മർദ്ദങ്ങളുമാണ് ഇറ്റാലിയൻ നടപടിയിലൂടെ പുറത്തുവരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ മറ്റൊരു കേസിൽ, വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതിനെയും സംരക്ഷിക്കുന്നതിനെയും കുറിച്ചും പ്ലാറ്റ്ഫോമുകളിലെ ഹാനികരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ഉപയോക്താക്കളെ തെറ്റിധരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 25 ബില്യൺ ഡോളർ നൽകാൻ ന്യൂ മെക്സിക്കോ കോടതി കമ്പനിയോട് ഉത്തരവിട്ടിരുന്നു.
Italy fines Meta അനുമതിയില്ലാതെ ഫോൺ മെമ്മറിയിലേക്ക് കയറി; മെറ്റയ്ക്ക് 8359കോടി രൂപ പിഴയിട്ട് ഇറ്റലി
S
Samanyu k
•