തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ എ.എസ്.ഐ. എ.ജി. സുനിൽകുമാർ (50) അന്തരിച്ചു. മൃതദേഹം ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം 15-ന് വാഴമുട്ടത്തുള്ള സ്വവസതിയിൽ നടക്കും.
പത്തനംതിട്ട: തീരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ് എ.എസ്.ഐ. മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എ.എസ്.ഐ. എ.ജി. സുനിൽകുമാർ (50) ആണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഡ്യൂട്ടിക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽകുമാറിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയോടെ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ്. പുഷ്പചക്രം സമർപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സായുധ പോലീസ് സേനാംഗങ്ങളും അന്ത്യാഭിവാദ്യമർപ്പിച്ചു.
അമ്പിളിയാണ് ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (ടി.ടി.സി. വിദ്യാർഥിനി), ശ്രീനന്ദ (ഡിഗ്രി വിദ്യാർഥിനി). സംസ്കാരം ഈ മാസം 15-ന് വാഴമുട്ടത്തുള്ള സ്വവസതിയിൽ നടക്കും.




