കളമശ്ശേരിയിൽ ബാറിലെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 18കാരൻ പിടിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കളമശ്ശേരിയിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരനായ ജിനു ജോസഫ് പിടിയിൽ. മുതുകിൽ കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി: കളമശ്ശേരിയിലെ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫാണ് (18) കളമശ്ശേരി പൊലീസിന്റെ പിടിയിലായത്.
മുതുകിൽ ആഴത്തിൽ കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 12-ാം തീയതി രാത്രി പത്തോടെയാണ് സംഭവം. കളമശ്ശേരിയിലെ ബാറിൽ മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് കിഷോറിനെ പ്രതി കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കളമശ്ശേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സി.ആർ. ബിജു, രാംലാൽ, സി.പി.ഒ കെ.പി. വിനു എന്നിവരടങ്ങിയ സംഘമാണ് കളമശ്ശേരി പ്രീമിയർ ജങ്ഷനിൽ വെച്ച് പ്രതിയെ പിടികൂടിയത്. പിടിയിലായ ജിനു ജോസഫിനെതിരെ ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.




