2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ടോൾപ്ലാസയിൽ തുടർച്ചയായ സമരങ്ങൾ; ​ഗതാ​ഗതം തടഞ്ഞ് പൊലീസ്, വലഞ്ഞത് യാത്രക്കാർ; മൂന്നുമണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 05:35 AM
പങ്കുവെക്കുക:
ടോൾപ്ലാസയിൽ തുടർച്ചയായ സമരങ്ങൾ; ​ഗതാ​ഗതം തടഞ്ഞ് പൊലീസ്, വലഞ്ഞത് യാത്രക്കാർ; മൂന്നുമണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു
ടോൾപ്ലാസയിൽ തുടർച്ചയായ സമരങ്ങൾ; ​ഗതാ​ഗതം തടഞ്ഞ് പൊലീസ്, വലഞ്ഞത് യാത്രക്കാർ; മൂന്നുമണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടുകേരളപ്രഭാതം

നാട്ടിക ടോൾപ്ലാസ സമരത്തോടനുബന്ധിച്ച് പൊലീസ് മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് മൂന്നുമണിക്കൂറോളം യാത്രാസ്തംഭനത്തിനിടയാക്കി. പൊലീസ് നടപടിക്കെതിരെ യാത്രക്കാരിലും നാട്ടുകാരിലും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

തൃശൂർ: നാഷണൽ ഹൈവേ 66-ലെ നാട്ടിക ടോൾപ്ലാസയ്ക്ക് മുന്നിൽ എൽ.ഡി.എഫ്-യു.ഡി.എഫ് മാർച്ചുകളെ തുടർന്ന് പൊലീസ് ദേശീയപാതയിലെ ഗതാഗതം പൂർണമായി തടഞ്ഞത് മൂന്നുമണിക്കൂറിലധികം യാത്രാസ്തംഭനത്തിനിടയാക്കി. സമരക്കാരുടേതല്ലാത്ത മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ പൊലീസ് തന്നെ റോഡ് ബാരിക്കേഡ് വെച്ച് അടച്ചതിനെതിരെ നാട്ടുകാരുടെയും യാത്രക്കാരുടെയും ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ചൊവ്വാഴ്ച രാവിലെ 9:30-ന് എൽ.ഡി.എഫ് മാർച്ച് നടക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇതിന് തൊട്ടുമുമ്പ് 9:15-ഓടെ തന്നെ ടോൾ പ്ലാസയ്ക്ക് സമീപം ദേശീയപാതയിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായി തടയുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ വാഹനങ്ങൾ തിരിച്ചുപോകേണ്ടി വന്നു.

തുടർന്ന് രാവിലെ 10 മണിക്ക് എൽ.ഡി.എഫ് ഉപരോധവും പിന്നാലെ യു.ഡി.എഫിന്റെ ഉപരോധ സമരവും നടന്നു. ഇരു സമരങ്ങളും പൂർത്തിയായി ഉച്ചയ്ക്ക് 12 മണിയോടെയാണ് പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്ത് വാഹനങ്ങളെ കടത്തിവിട്ടത്.

തങ്ങൾ റോഡ് ഉപരോധിക്കുമെന്ന് പ്രതിഷേധക്കാരോ സമരസമിതികളോ മുൻകൂട്ടി വ്യക്തമാക്കിയിരുന്നില്ല. ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് സമര സംഘടനകൾ. എന്നാൽ, പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നുള്ള റോഡ് തടയലിനേക്കാൾ ഉപരിയായി, പൊലീസ് മുൻകൂട്ടി ഗതാഗതം തടസ്സപ്പെടുത്തി യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഗതാഗത തടസ്സം മൂലം ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാട്ടികയിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ റോഡ് വഴി തളിക്കുളം പത്താംകല്ലിലും സെന്ററിലും എത്തിയാണ് യാത്ര തുടർന്നത്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ തളിക്കുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് വഴി തൃപ്രയാറിലെത്തിയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ പൊലീസ് ഗതാഗതം തടഞ്ഞത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)