വിൽപനയ്ക്ക് സൂക്ഷിച്ചത് എംഡിഎംഎയും കഞ്ചാവും, തൂഫാനിൽ കുടുങ്ങി യുവാവ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പൂച്ചാക്കലിൽ 1.710 ഗ്രാം എം.ഡി.എം.എയും 44.840 ഗ്രാം കഞ്ചാവുമായി ചേർത്തല സ്വദേശി ദർശൻ (29) അറസ്റ്റിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ പൂച്ചാക്കൽ പൊലീസാണ് പ്രതിയെ പിടി കൂടി റിമാൻഡ് ചെയ്തത്.
പൂച്ചാക്കൽ: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പൂച്ചാക്കൽ പൊലീസിന്റെ പിടിയിലായി. ചേർത്തല കെ.ആർ. പുരം വാലേഴത്ത് വെളിയിൽ ദർശൻ (29) ആണ് ഉളവൈപ്പ് ഭാഗത്തുനിന്ന് അറസ്റ്റിലായത്. ലഹരി വിൽപനക്കാർക്കെതിരെ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
വിൽപനയ്ക്കായി സൂക്ഷിച്ച 1.710 ഗ്രാം എം.ഡി.എം.എയും 44.840 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു ടി.കെ. പ്രദീപിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ടി. ലിജിമോളിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ രാജൻ, സിവിൽ പൊലീസ് ഓഫിസർമാരായ കിങ് റിച്ചാർഡ്, സിനോ, സാലി, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




